famil

പാറശാല: മണ്ണുകൊണ്ട് നിർമ്മിച്ച വീട് എപ്പേൾ വേണമെങ്കിലും തകർന്നുവീഴാം... ഭക്ഷണം കഴിക്കാനില്ലാത്ത ദിവസങ്ങൾ ഇനിയുമുണ്ടാകാം...മരണം മുഖാമുഖം കണ്ടുകഴിയുന്ന നിർധന കുടുംബത്തിലെ നാല് അംഗങ്ങൾ ആരുടെയും കരളലിയിക്കും. വർഷങ്ങളായി സി.പി.എം ഭരിക്കുന്ന ആര്യങ്കോട് പഞ്ചായത്തിലാണ് ഒറ്റമുറി വീട്ടിൽ 102 വയസുള്ള അമ്മയും, മക്കളായ സുലോചന (68), വിശാലാക്ഷി (63), നാഗപ്പൻ നായർ (61) എന്നിവർ ദുരവസ്ഥയിൽ കഴിയുന്നത്. മൂത്ത മകളായ സുലോചനയ്ക്ക് വർഷങ്ങൾക്ക് മുൻപ് കാഴ്ച നഷ്ടമായി. ഓപ്പറേഷൻ ചെയ്താൽ കാഴ്ച തിരികെ ലഭിക്കുമായിരുന്നെങ്കിലും ആഹാരത്തിനു പോലും വഴിയില്ലാതായപ്പോൾ ഓപ്പറേഷനെ കുറിച്ച് ചിന്തിച്ചില്ല. മൂന്നാമത്തെ മകനായ നാഗപ്പൻ നായർ മാനസിക രോഗിയാണ്. മാസം മരുന്ന് വാങ്ങാൻ മാത്രം ആയിരത്തോളം രൂപ വേണ്ടിവരും. രണ്ടാമത്തെ മകളായ വിശാലാക്ഷിയാണ് ഇപ്പോൾ കുടുംബം പുലർത്തുന്നത്. വിശാലാക്ഷിയുടെ കല്യാണം കഴിഞ്ഞെങ്കിലും ഭർത്താവ് മരണപ്പെട്ടതോടെ അമ്മയ്ക്കും സഹോദരങ്ങൾക്കും വേണ്ടിയായി ജീവിതം.

മഴക്കാലമായതോടെ വർഷങ്ങൾ പഴക്കമുള്ള വീട്ടിൽ ഭയത്തോടെയാണ് കുടുംബം അന്തിയുറങ്ങുന്നത്. ടോയ്ലെറ്റ് സൗകര്യം പോലുമില്ല. വീടിനും ടോയ്ലെറ്റിനായും പഞ്ചായത്തിൽ അപേക്ഷയുമായി പലതവണ കയറിയിറങ്ങിയിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന് വിശാലാക്ഷി പറയുന്നു. എല്ലാ ഇലക്ഷനും വീട് വാഗ്ദാനം ചെയ്യുമെങ്കിലും പിന്നീട് ആരെയും ഈ വഴിക്ക് കാണില്ല. അമ്മയെയും സഹോദരങ്ങളെയും നോക്കേണ്ടതിനാൽ വിശോലാക്ഷിക്ക് ഇപ്പോൾ തൊഴിലുറപ്പിനും പോകാൻ കഴിയാത്ത സ്ഥിതിയാണ്. ഒരു നേരത്തെ ആഹാരത്തിന് നാട്ടുകാരുടെയും, അയൽവാസികളുടെയും മുന്നിൽ കൈനീട്ടേണ്ട അവസ്ഥയായിലാണെന്നും വിശാലാക്ഷി നിറകണ്ണുകളോടെ പറയുന്നു. ബലവത്തായ വീടുള്ളവർക്ക് വീണ്ടും വീട് അനുവതിക്കുന്ന ആര്യൻകോട് പഞ്ചായത്ത് നിർദ്ധന കുടുംത്തെ കാണാതെ പോകരുത്.