treat

പാറശാല: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പാറശാല നിയോജക മണ്ഡലത്തിലെ ഒൻപത് പഞ്ചായത്തിലും ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ തയ്യാറാക്കി വരികയാണെന്ന് സി.കെ ഹരീന്ദ്രൻ എം.എൽ.എ അറിയിച്ചു. ഇവിടെ നാലു ഡോക്ടർമാർ, ആറ് സറ്റാഫ് നഴ്സ്, രണ്ട് നഴ്സിങ്ങ് അസിസ്റ്റ്ന്റമാർ, ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ, പത്ത് ക്ലീനിംഗ് സ്റ്റാഫുകൾ, ആംബുലൻസ്‌ ഡ്രൈവർ എന്നിവരുടെ സേവനം ലഭ്യമാക്കും.
ഇവർക്ക് പുറമേ സന്നദ്ധപ്രവർത്തകരും കർമ്മനിരതരായി രംഗത്തുണ്ടാവും. കേന്ദ്രത്തിന്റെ ദൈനംദിന നടത്തിപ്പിനും പ്രവർത്തനങ്ങൾക്കുമായി ഒരു നോഡൽ ഓഫീസറെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ വെള്ളം, വൈദ്യുതി, ഭക്ഷണം എന്നീ അടിസ്ഥാന സൗകര്യങ്ങൾ മുടങ്ങാതെ ലഭ്യമാക്കും.
ഫ്രണ്ട് ഓഫീസ്, കൺസൾട്ടിംഗ് റൂം, നഴ്സിംഗ് സ്‌റ്റേഷൻ, ഫാർമസി, സ്‌റ്റോർ, ഒബ്സർവേഷൻ റൂം, ആംബുലൻസ് സേവനം എന്നിവയും സെന്ററുകളിൽ ഉണ്ടാവും. കൂടാതെ രോഗികളുടെ മാനസികോല്ലാസത്തിനായുള്ള സൗകര്യങ്ങളും അനുബന്ധമായി ഒരുക്കിയിട്ടുണ്ട്. പാറശ്ശാലയിലും കുന്നത്തുകാലിലും രോഗബാധ ഗുരുതരമായർക്കായി ഓക്സിജൻ സാകര്യങ്ങളോടു കൂടിയ ഒബ്സർവേഷൻ മുറി ഗ്രീൻ സോണിന് സമീപം ക്രമീകരിച്ചിട്ടുണ്ട്. ലാബിൽ സ്രവ പരിശോധനയോടൊപ്പം പ്രമേഹം പോലുള്ള മറ്റ് അസുഖങ്ങളുടെ ടെസ്റ്റുകൾ നടത്തുന്നതിനും സൗകര്യമുണ്ടാകും. രോഗികൾക്ക് ഡോക്ടറെ കാണുന്നതിനും ചികിത്സയെ പറ്റി അറിയുന്നതിനും
ടെലി മെഡിസിൻ സൗകര്യം ക്രമീകരിക്കും. ഒരാഴ്ചയ്ക്കുള്ളിൽ രോഗികളുടെ വിവരങ്ങൾ ഉൾപ്പടെയുള്ള കേസ് ഷീറ്റുകൾ ഡിജിറ്റലൈസ് ചെയ്യുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ഇതോടെ ഗ്രീൻ സോണിൽ നിന്നു കൊണ്ട് തന്നെ ഡോക്ടർമാർക്ക് രോഗിയുടെ അവസ്ഥ മനസിലാക്കാൻ സാധിക്കും. ഗുരുതരാവസ്ഥയിലുള്ളവരെ ജനറൽ ഹോസ്പിറ്റൽ, കാരക്കോണം സി.എസ്.ഐ മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള ആശുപത്രികളിലേക്ക് മാറ്റും.

പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ

 പാറശ്ശാല ശ്രീകൃഷ്ണ ഫാർമസി കോളേജ് കുന്നത്തുകാൽ

 കാരക്കോണം സി.എസ്.ഐ മെഡിക്കൽ കോളേജ്

 ധനുവച്ചപുരം ഗവ. ഗേൾസ് ഹൈസ്‌കൂൾ

 മാരായമുട്ടം ജി.എച്ച്.എസ്.എസ്

 ജനാർദ്ദനപുരം ഹയർ സെക്കൻഡറി സ്‌കൂൾ

 ചെമ്പൂര് എൽ.എം.എസ് എച്ച്.എസ്.എസ്,

 കള്ളിക്കാട് രാജീവ്ഗാന്ധി കൺവെൻഷൻ സെന്റർ

 അമ്പൂരി സെന്റ് തോമസ് സ്‌കൂൾ ആൻഡ് പാരിഷ് ഹാൾ

 ആനപ്പാറ ഫോറസ്റ്റ് കമ്മ്യൂണിറ്റി ഹാൾ


അതിർത്തിയിൽ രോഗവ്യാപനം

വെള്ളറട, കുന്നത്തുകാൽ പഞ്ചായത്തുകളിൽ സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം വർദ്ധിക്കുകയാണ്. കട്ടച്ചൽവിള, വ്ലാങ്കുളം തുടങ്ങിയ സ്ഥലങ്ങളിൽ ഓരോ കുടംബത്തിൽ മുഴുവൻ പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതു കൂടാതെ കാരക്കോണം, നിലമാംമൂട് തുടങ്ങിയ പ്രദേശങ്ങളിലും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചു. നാൽപത്തി അഞ്ചോളം പേർക്ക് ഇതുവരെ ഒരു മാസത്തിനുള്ളിൽ പഞ്ചായത്തിൽ രോഗം സ്ഥിരീകരിച്ചു.
കുന്നത്തുകാലിൽ രോഗവ്യാപനം രൂക്ഷമായതോടെ ജാഗ്രതാ പ്രവർത്തനങ്ങൾ കർശനമാക്കി. വെള്ളറട പൊലീസ് സ്‌റ്റേഷന് സമീപം താമസിക്കുന്ന റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ ക്വോറന്റൈൻ ലംഘിച്ച് മാസ്ക്‌ പോലും ധരിക്കാതെ പ്രഭാത സവാരി നടത്തിയതിൽ പ്രദേശവാസികൾ പ്രതിഷേധിച്ചു.