kannu

ചൂട് കാരണം ഉണ്ടാകുന്ന അസുഖങ്ങൾക്ക് ചികിത്സിക്കാൻ പറ്റിയ കാലമാണ് കർക്കടകം. കണ്ണുപുകച്ചിൽ പോലുള്ള അസുഖമുള്ളവർക്ക് ചികിത്സിക്കാവുന്നതാണ്. കാഴ്ച വർദ്ധിപ്പിക്കാനും കണ്ണിന്റെ പുഷ്ടിക്കുമുള്ള ചികിൽസകൾ ഇക്കാലത്ത് ആരംഭിക്കാം. മരുന്നു ചേർത്ത ആവണക്കെണ്ണ ഉപയോഗിച്ചു ചെറിയതോതിൽ വയറിളക്കി വയർ ശുദ്ധീകരിക്കാം. ചുടുനീറ്റൽ, പുകച്ചിൽ തുടങ്ങിയ രോഗങ്ങളുടെ തീവ്രത കുറയും. പ്രമേഹം, രക്തവാതം തുടങ്ങിയ ചൂടിന്റെ അസുഖമുള്ളവരിലും മാനസിക അസുഖമുള്ളവർക്കും അതിന്റെ കാഠിന്യം കുറയും.അസിഡിറ്റി നെഞ്ചെരിച്ചിൽ, വയർ എരിച്ചിൽ തുടങ്ങിയ അസുഖമുള്ളവർ പുളിരസമുള്ള ഭക്ഷണം കഴിക്കരുത്. തണുപ്പു കാലമായതിനാൽ വാതരോഗം കൂടാൻ സാധ്യതയുണ്ട്.

നല്ല മഴ കിട്ടുന്ന കാലമാണ് കർക്കടകം. പഞ്ചഭൂതഘടനയിലും പ്രകൃതിയിലും ജീവജാലങ്ങളിലും ഉണ്ടാകുന്ന മാറ്റവും ആറു രസങ്ങളിലൊന്നായ പുളിരസം (അമ്ലത്വം) വർദ്ധിക്കുന്ന സമയമാണിത്.

കർക്കടക മാസത്തിലെ തണുപ്പ് ശരീരത്തിന് പുഷ്ടിയുണ്ടാക്കും. ശരീരത്തിൽ ജലാംശം കൂടുതലായുള്ളതിനാൽ കുടലിൽ ആഗ്‌നേയ രസങ്ങൾ വർദ്ധിക്കും. ദഹനപ്രക്രിയ മെച്ചപ്പെടുന്നതിലൂടെ വിശപ്പുകൂടും. കഴിക്കുന്നത് ശരീരത്തിൽ പിടിക്കും. എന്നാൽ കട്ടിയായ ആഹാരങ്ങൾ ഒഴിവാക്കണം. ഉറക്കം നന്നായി കിട്ടുന്ന കാലമാണ്. അമിതമായി ഉറങ്ങേണ്ട ആവശ്യമില്ല, എന്നാൽ കർക്കടകത്തിൽ പകലുറക്കം പാടില്ല.

ശുദ്ധമായ കുളങ്ങളിൽ നീന്തിക്കുളിക്കാൻ പറ്റിയ സമയമാണ്. വ്യായാമമെന്ന നിലയിൽ നീന്തൽ ഏറ്റവും മികച്ചതാണ്. കാരണം, വ്യായാമം ചെയ്യമ്പോൾ ശരീരത്തിന്റെ ഭാരം കാലിൽ കേന്ദ്രീകരിക്കാതെ ശരീരം മുഴുവനായി ക്രമീകരിക്കപ്പെടുന്നു. മാത്രമല്ല, ശരീരം പെട്ടെന്നു ചൂടാകുകയുമില്ല. എന്നാൽ കൊവിഡ് കാലത്ത് ഇത് എത്രത്തോളം നടക്കുമെന്നത് ഒരു പ്രശ്നം തന്നെയാണ്.