malayinkil

മലയിൻകീഴ്: ഗ്രാമപ്രദേശങ്ങളിൽ തെരുവ് നായ്ക്കളുടെ ശല്യം വഴി നടക്കാനാകാത്ത വിധം രൂക്ഷമായിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി. മലയിൻകീഴ് പഞ്ചായത്തിലെ ഒാഫീസ് വാർഡിൽ കൂട്ടമായിട്ടെത്തുന്ന നായ്ക്കളെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് പ്രദേശവാസികൾ. കോട്ടമ്പൂര് റോഡിൽ ശാന്തി നഗറിൽ ഉൾപ്പെട്ട പുതിയ ആയുർവേദ ആശുപത്രി, മണപ്പുറം, ശ്രീനാരായണ ലൈൻ എന്നിവിടങ്ങളിലേക്ക് പോകുന്നിടത്തെല്ലാം രാത്രിയും പകലുമില്ലാതെ നായ്ക്കളുടെ ശല്യമുണ്ട്. ഭീതിയോടെയാണ് നാട്ടുകാർ ഇതുവഴി കടന്ന് പോകുന്നത്. കഴിഞ്ഞ ദിവസം നടന്ന് പോവുകയായിരുന്ന സ്ത്രീയെ നായ കടിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം.

കൊവിഡിന്റെ പശ്ചാത്തലത്തിൽ നായ്ക്കളുടെ കടിയേൽക്കുന്നവർക്ക് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടാനും ഭയമായിട്ടുണ്ട്. സ്വകാര്യ ആശുപത്രികളെയാണ് പലരും ആശ്രയിക്കുന്നത്. എന്നാൽ കുത്തിവയ്പ്പിനുള്ള മരുന്ന് പ്രാഥമിക ആരോഗ്യകേന്ദ്രമുൾപ്പെടെയുള്ള സർക്കാർ ആശുപത്രികളിൽ ഉണ്ടാകാറില്ലെന്നാണ് നാട്ടുകാർ പറയുന്നത്. മലയിൻകീഴ് പൊതുമാർക്കറ്റ്, ബാങ്ക് ആഡിറ്റോറിയത്തിന് മുൻവശം, പാലോട്ടുവിള, മലയിൻകീഴ് ക്ഷേത്ര ജംഗ്ഷൻ, ഗവ.എൽ.പി.ബി.എസ്, മലയിൻകീഴ് - ഊരുട്ടമ്പലം റോഡ്, പാപ്പനംകോട് റോഡ്, ശാന്തുമൂല തുടങ്ങിയ സ്ഥലങ്ങളിലും പേയാട്, പള്ളിമുക്ക്, മാർക്കറ്റ് ജംഗ്ഷൻ, വിളപ്പിൽശാല പൊതുമാർക്കറ്റ്, പടവൻകോട്, പേയാട് - വിളപ്പിൽശാല റോഡ് തുടങ്ങിയ സ്ഥലങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷമാണ്. ഗ്രാമപഞ്ചായത്ത് അധികൃതരുടെ ഭാഗത്ത് നിന്ന് കൂടുതൽ കടുത്ത നടപടികളുണ്ടാകണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

ലോക്ക് ഡൗൺ 'സഹായം"

പലയിടത്തും ലോക്ക് ഡൗൺ കാരണം അടഞ്ഞു കിടക്കുന്ന കടകൾ തെരുവുനായ്ക്കൾക്ക് വാസസ്ഥലമായിട്ടുണ്ട്. കൂടാതെ ആൾവാസം കുറഞ്ഞ ഇടങ്ങളിലും റോഡിലുമായി വാസം ഉറപ്പിച്ച് ജനങ്ങളിൽ ഭീതിപരത്തുകയാണ്. പെറ്റ് പെരുകി ഗ്രാമങ്ങളിലെ മിക്ക പ്രദേശങ്ങളും നായ്ക്കൾ കൈയടക്കിയിരിക്കുകയാണ്. നായ്ക്കളെ കൊല്ലാതെ തന്നെ ജനങ്ങളുടെ സ്വൈര്യജീവിതത്തിന് തടസമുണ്ടാകാത്ത വിധം പരിഹാരമുണ്ടാക്കണമെന്നാണ് ആവശ്യം.

അപകടങ്ങൾ പതിവ്

കാൽനട - വാഹന യാത്രക്കാർക്ക് ഇവ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ പറഞ്ഞറിയിക്കാനാകാത്ത വിധമാണ്. ഭക്ഷണ അവശിഷ്ടങ്ങൾ കടിച്ചെടുത്ത് ഓടുന്ന നായയുടെ പിന്നാലെ മറ്റ് നായ്ക്കൂട്ടവും ഓടുന്നത് പലപ്പോഴും യാത്രക്കാർ അപകടത്തിലാകാൻ കാരണമാകാറുണ്ട്. പരക്കം പായുന്ന നായ്ക്കളുടെ ആക്രമണത്തിന് കുട്ടികൾ ഉൾപ്പെടെ നിരവധി പേർ വിധേയമാകാറുണ്ട്.

പ്രധാന പ്രശ്നങ്ങൾ

വന്ധ്യംകരണം നടത്തിയിട്ടും ഫലമില്ല

 കടിയേൽക്കുന്നവരുടെ എണ്ണം കൂടുന്നു

ജംഗ്ഷനുകൾ നായ്ക്കളുടെ താവളം

അധികൃതരുടെ അനാസ്ഥ

പ്രതികരണം:

മലയിൻകീഴ് ഓഫീസ് വാർഡ് പ്രദേശത്തെ തെരുവ് നായ്ക്കളുടെ ശല്യത്തിന് പഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കും. ജനങ്ങൾക്ക് വഴിനടക്കാൻ സാധിക്കാത്ത വിധം നായ്ക്കളുടെ ശല്യമുണ്ടാകുന്നതിന് പരിഹാരമുണ്ടാക്കും. ശാന്തുമൂല മുരുകൻ, ഓഫീസ് വാർഡ് അംഗം