clean

വീട് എപ്പോഴും വൃത്തിയായും വെടിപ്പും സൂക്ഷിക്കാൻ ശ്രദ്ധിക്കണം.

വീടിനുള്ളിൽ അലക്കിയ തുണികൾ തോരാനിടുകയോ അഴുക്കു തുണികൾ കൂട്ടിയിടുകയോ ചെയ്യരുത്. അഴുക്കായ പാത്രങ്ങൾ കൂട്ടിയിടാതെ കഴുകി വൃത്തിയാക്കി റാക്കിനുള്ളിൽ സൂക്ഷിച്ചുവയ്ക്കുക. വീടിനുള്ളിലെ പൊടിയും അഴുക്കും വൃത്തിയാക്കണം. പാറ്റ, പല്ലി, ചിലന്തി തുടങ്ങിയ ചെറുപ്രാണികൾ വീടിനുള്ളിൽത്തന്നെ തങ്ങുന്ന കാലമാണ് കർക്കടകം. ഇവയെയും രോഗാണുക്കളെയും അകറ്റാൻ വീടും പരിസരവും വൃത്തിയാക്കണം. വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്. വീടിനുള്ളിൽ വായു ശുദ്ധീകരണം നടത്തണം.

വീടിനകത്തും പുറത്തും പുകയ്ക്കുന്നത് നല്ലതാണ്. കുന്തിരിക്കം, ഗുൽഗുലു, അഷ്ടഗന്ധം, ചന്ദനത്തിരികൾ എന്നിവ ഉപയോഗിച്ചു സന്ധ്യയ്ക്കും പുലർച്ചെയും പുകയ്ക്കുന്നതു നല്ലതാണ്.

ആവശ്യത്തിന് മാത്രം ഭക്ഷണം പല തവണകളായി കഴിക്കുന്നതാണ് ഉത്തമം. സൂപ്പ്, മരുന്നുകഞ്ഞി എന്നിവ വൈദ്യന്റെ നിർദേശപ്രകാരം തയാറാക്കി കഴിക്കാം. ഇവ വാങ്ങാനും കിട്ടും. ഒരു വർഷത്തേക്കു ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടുന്നതിനുള്ള സമയമാണ് കർക്കടകം. അതിനാൽ കരുതലുകൾ വേണം.

ഹൃദ്രോഗം, പ്രമേഹം, രക്ത സമ്മർദം തുടങ്ങിയവയുള്ളവർ കൃത്യമായ വൈദ്യപരിശോധന നടത്തണം. ശരീര സുഖമുള്ള മാസമായതിനാൽ ഈ രോഗങ്ങളെല്ലാം കുറഞ്ഞതായി തോന്നും. പ്രത്യക്ഷത്തിൽ രോഗലക്ഷണങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറവായിരിക്കും. രോഗം കുറഞ്ഞെന്നു കരുതി ചികിൽസയും മരുന്നും മുടക്കരുത്. ഇത് അപകടമാണ്.

കായികമായ അധ്വാനത്തിന് മികച്ച സമയമാണ്. കളരിയുൾപ്പെടെയുള്ള വ്യായാമങ്ങൾക്ക് പ്രാധാന്യം നൽകാം. ശരീരത്തെ പുഷ്ടിയും വഴക്കവുമുള്ളതാക്കി മാറ്റാം.

മുടി കൊഴിച്ചിൽ ഉള്ളവർക്കു തലകുളിർക്കെ എണ്ണതേച്ചു മുടി പുഷ്ടിപ്പെടുത്താൻ തുടങ്ങാം. മുടിയിൽ നന്നായി എണ്ണ തേയ്ക്കാം,​ കുളിക്കാം. എന്നാൽ കൊവിഡ് കാലമാണ് ജലദോഷം വരാതെ നോക്കണം.

ശരീരത്തിലെ വിയർപ്പ് ഗന്ധത്തിനെതിരായ പ്രതിരോധ ചികിത്സയ്ക്കും പറ്റിയ സമയമാണ് കർക്കടകം.