മുജ്ജന്മ ശാപം പോലെ പിന്തുടരുന്ന വിവാദത്തിൽ നിന്ന് സംസ്ഥാനം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അതിവേഗ റെയിൽ പദ്ധതിക്കും മോചനമില്ലെന്നാണു തോന്നുന്നത്. അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ട് ഏതു പുതിയ പദ്ധതി ഏറ്റെടുക്കേണ്ടിവരുമ്പോഴും അതിനെതിരെ പ്രതിഷേധ കോലാഹലങ്ങൾ ഉയരുന്നത് പുത്തരിയല്ല. തിരുവനന്തപുരം മുതൽ കാസർകോടു വരെ നീളുന്ന അതിവേഗ റെയിൽപാതയുടെ കാര്യത്തിലും എതിർപ്പുകളും തടസവാദങ്ങളും പ്രതീക്ഷിച്ചതു തന്നെ. എന്നാൽ പദ്ധതിക്കായുള്ള സ്ഥലമെടുപ്പ് തുടങ്ങുന്നതിനു മുന്നേ തന്നെ തർക്കമുണ്ടായിരിക്കുന്നത് സർക്കാർ വകുപ്പുകൾ തമ്മിലാണെന്നതാണ് പ്രത്യേകത. ഭൂമി ഏറ്റെടുക്കാനുള്ള അധികാരം റവന്യൂ വകുപ്പിനു മാത്രമാകയാൽ അതിന് മറ്റാരും മുന്നോട്ടുവരേണ്ടതില്ലെന്ന വാദം ഉയർത്തി ഇതുമായി ബന്ധപ്പെട്ട ഫയൽ റവന്യൂവകുപ്പ് തിരിച്ചയച്ചിരിക്കുകയാണ്.
ഗതാഗതവകുപ്പാണ് ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കാര്യങ്ങൾ പുറംകരാർ വഴി നടപ്പാക്കിയാൽ സമയലാഭം നേടാനാവുമെന്ന നിർദ്ദേശവുമായി ഫയൽ റവന്യൂ വകുപ്പിന്റെ പരിഗണനയ്ക്കയച്ചത്. ഇതാണ് അധികാരത്തിന്റെ ഇടനാഴികളിൽ വലിയ തർക്കമായി രൂപപ്പെട്ടിരിക്കുന്നത്. ഭൂമി ഏറ്റെടുക്കാൻ നടപടിക്രമങ്ങളുണ്ടെന്നും ആവശ്യമായ ഭൂമി എത്രയെന്ന് അറിയിച്ചാൽ ഏറ്റെടുത്തു നൽകാമെന്നുമാണ് റവന്യൂവകുപ്പിന്റെ നിലപാട്. ഭൂമി ഏറ്റെടുക്കാൻ തങ്ങൾ സ്വകാര്യ ഏജൻസിയെ നിയോഗിച്ചിട്ടില്ലെന്നും പ്രാരംഭകാര്യങ്ങൾ പൂർത്തിയാക്കാനുള്ള നടപടികളാണ് എടുത്തതെന്നുമാണ് അതിവേഗ റെയിൽപദ്ധതിയുടെ ചുമതലയുള്ള കെ.ആർ.ഡി.സി.എൽ വ്യക്തമാക്കുന്നത്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട സാങ്കേതിക വസ്തുതകൾ എന്തുതന്നെയായാലും സർക്കാരിലെ രണ്ട് വകുപ്പുകൾ പരസ്യമായി തെരുവിലേക്കു വലിച്ചിഴയ്ക്കേണ്ടതല്ല. ഇതുമായി ഉടലെടുത്തിട്ടുള്ള തർക്കങ്ങൾ ഭരണസിരാകേന്ദ്രത്തിലെ അടുത്തടുത്ത മുറികളിലുള്ളവർ അന്യോന്യം ചർച്ചയിലൂടെ എളുപ്പം പരിഹരിക്കേണ്ട ഒരു തർക്കവിഷയം പരസ്യ വിവാദങ്ങൾക്ക് വിട്ടുകൊടുക്കരുതായിരുന്നു. അല്ലെങ്കിൽത്തന്നെ ചാടിവീഴാൻ നിക്ഷിപ്ത താത്പര്യക്കാരായ ഒട്ടധികം പേർ പുറത്തു കാത്തുനില്ക്കുകയാണ്. പുതിയ റെയിൽപാത സംസ്ഥാന സർക്കാരിനെ കുത്തുപാളയെടുപ്പിക്കുമെന്നും വൻ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും മറ്റും പ്രചാരണം ഇതിനകം ആരംഭിച്ചുകഴിഞ്ഞു. അതിവേഗ റെയിൽപ്പാത അനേകം ഏക്കർ നെൽവയലുകൾ ഇല്ലാതാക്കുമെന്നാണ് മറ്റൊരു പരാതി. ആയിരക്കണക്കിനു വീടുകളും മറ്റു നിർമ്മിതികളും തകർത്തുവേണം റെയിൽപ്പാതയ്ക്കു വഴിയൊരുക്കാൻ എന്നാണ് മറ്റൊരു ആക്ഷേപം. റെയിൽപ്പാതയ്ക്കായി ഏറ്റെടുക്കേണ്ടി വരുന്ന ഓരോ ഇഞ്ച് ഭൂമിക്കും അതിലെ ചമയങ്ങൾക്കും വിപണി വിലയുടെ നാലിരട്ടി വരെയാണ് നഷ്ടപരിഹാരം നൽകുന്നതെന്ന് സ്മരണീയമാണ്. പണ്ടുകാലത്തെ രീതിയല്ല ഇപ്പോഴത്തേത്. പൊന്നും വിലയെന്ന കാലഹരണപ്പെട്ട സമ്പ്രദായത്തിനു പകരം ഏറ്റെടുക്കുന്ന ഭൂമിക്ക് ഏറ്റവും ഉയർന്ന വിലയാണു ലഭിക്കുന്നത്.
തിരുവനന്തപുരം - കാസർകോട് അതിവേഗ റെയിൽപാതയെക്കുറിച്ച് കേൾക്കാൻ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. കുറെ വർഷങ്ങളായി പദ്ധതി സർക്കാരിന്റെയും ജനങ്ങളുടെയും മുമ്പിലുണ്ട്. തിരുവനന്തപുരത്തുനിന്ന് വെറും നാലുമണിക്കൂർ കൊണ്ട് കാസർകോട്ട് എത്താൻ സഹായിക്കുന്ന അതിവേഗ റെയിൽപദ്ധതി ഫലപ്രാപ്തിയിലെത്തുന്നത് പലവിധത്തിലും സംസ്ഥാനത്തിന്റെ വികസനത്തിനും പുരോഗതിക്കും വേഗം കൂട്ടുമെന്നതിൽ പക്ഷാന്തരമുണ്ടാകാനിടയില്ല. പദ്ധതിക്കാവശ്യമായ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് റവന്യൂ - ഗതാഗത വകുപ്പുകൾ തമ്മിലുണ്ടായിട്ടുള്ള തർക്കം എത്രയും വേഗം പരിഹരിക്കേണ്ടതാണ്.
പുതുതായി റെയിൽപാതകളും പൊതുനിരത്തുകളുമെല്ലാം വരാൻ വലിയ തോതിൽ ഭൂമി വേണ്ടിവരുമെന്നത് യാഥാർത്ഥ്യമാണ്. ഭൂലഭ്യത നന്നേ കുറവായ കേരളത്തിൽ ഭൂമി ഏറ്റെടുക്കൽ എന്നും ഏതു സർക്കാരിനും വലിയ വെല്ലുവിളി തന്നെയാണ്. പ്രശ്നം നേരിട്ടു ബാധിക്കുന്ന ജനവിഭാഗങ്ങളും വോട്ടിനായി അവരെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ കക്ഷികളുമാണ് പലപ്പോഴും എതിർപ്പും പ്രതിഷേധവുമായി മുന്നോട്ടുവരാറുള്ളത്. അതിവേഗ റെയിൽ പദ്ധതിയുടെ കാര്യത്തിൽ 'ജനകീയ"ക്കാർക്കു മുന്നേ സർക്കാർ വകുപ്പുകൾ തമ്മിലാണ് തർക്കം ഉടലെടുത്തതെന്നത് കൗതുകം ജനിപ്പിക്കുന്ന കാഴ്ച തന്നെ. അധികാരത്തർക്കം മാറ്റിവച്ച് പദ്ധതിക്കാവശ്യമായ ഭൂമി എത്രയും വേഗം ഏറ്റെടുക്കാനുള്ള നടപടിയെടുക്കാൻ ബന്ധപ്പെട്ടവർ മുന്നോട്ടുവരണം. റവന്യൂ വകുപ്പിന്റെ അപ്രമാദിത്വം തെളിയിക്കേണ്ടത് സന്ദർഭത്തിന്റെ ഗൗരവം ഉൾക്കൊണ്ട് ആവശ്യം സത്വരമായി നിറവേറ്റുന്നതിലാണ്. ഫയൽ തട്ടിക്കളിച്ച് വെറുതേ സമയം പാഴാക്കരുത്.
സംസ്ഥാനത്തിനും ജനങ്ങൾക്കും ഉപകരിക്കേണ്ട വികസന പദ്ധതികളുടെ കാര്യത്തിൽ അത്തരം സങ്കുചിതത്വം ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതാണ്.
സർക്കാർ വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മയ്ക്കും മേൽക്കോയ്മ മനോഭാവത്തിനും അതിരുകളൊന്നുമില്ല. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് വിഴിഞ്ഞം തുറമുഖത്ത് കഴിഞ്ഞ ദിവസം കണ്ടത്. വിദേശ ചരക്കുകപ്പലുകൾക്ക് ക്രൂ ചേയ്ഞ്ചിനുള്ള സൗകര്യം ഒരുക്കി തുറമുഖം ഒരുങ്ങി മൂന്നാം ദിവസം തന്നെ കല്ലുകടി ഉണ്ടായത് തുറമുഖ വകുപ്പും ഫിഷറീസ് വകുപ്പും തമ്മിലുണ്ടായ മൂപ്പിളമ തർക്കത്തിന്റെ പേരിലാണ്. പുറംകടലിൽ നങ്കൂരമിട്ട് കാത്തുകിടന്ന വിദേശ ചരക്കുകപ്പലിലേക്ക് തുറമുഖത്തുനിന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ എത്തിക്കാൻ ബോട്ട് വിട്ടുനൽകാൻ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥന്മാർ കൂട്ടാക്കിയില്ല. ഫലമോ? അഞ്ചു മണിക്കൂറോളം കപ്പലിന് കാത്തുകിടക്കേണ്ടിവന്നു. തുറമുഖ അധികൃതർ ഒടുവിൽ ബന്ധപ്പെട്ട മന്ത്രിമാരുടെ ഓഫീസുകളെ സമീപിച്ചാണ് ബോട്ട് തരപ്പെടുത്തി ഉദ്യോഗസ്ഥരെ കപ്പലിൽ എത്തിച്ചത്. ഏതു കാര്യത്തിനും തടസമുണ്ടാക്കുക എന്നത് ജീവിതവ്രതമായി കൊണ്ടുനടക്കുന്ന മൂക്കിനപ്പുറം കാണാൻ തയ്യാറാകാത്ത ഉദ്യോഗസ്ഥർ തലപ്പത്തിരിക്കുന്നതു കൊണ്ടാണ് ഇത്തരം അല്പത്തരങ്ങൾ കൂടക്കൂടെ ഉണ്ടാകുന്നത്. വിഴിഞ്ഞത്ത് ക്രൂ ചേയ്ഞ്ച് അഞ്ചുമണിക്കൂർ വൈകിയത് അത്ര വലിയ കാര്യമല്ലായിരിക്കാം. എന്നാൽ പുതുതായി തുടങ്ങിയ ഒരു സംരംഭം തുടക്കത്തിൽത്തന്നെ ഇവ്വിധം അലങ്കോലപ്പെട്ടത് രണ്ട് സർക്കാർ വകുപ്പുകൾ തമ്മിലുള്ള അനാവശ്യ കുറുമ്പു കാരണമാണെന്നോർക്കണം. ഇതിലൂടെ നാണം കെട്ടത് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരല്ല സർക്കാർ തന്നെയാണ്. ക്രൂ ചേയ്ഞ്ചിന് 21 കപ്പലുകൾ കൂടി എത്തുന്നുണ്ടെന്നാണ് വിവരം. നടപടികൾ സുഗമമായി നടക്കാൻ ഏർപ്പാടുണ്ടാക്കിയില്ലെങ്കിൽ വീണ്ടും നാണം കെടേണ്ടിവരും.