തിരുവനന്തപുരം: കൊവിഡ് കാലത്തെ അതിജീവിക്കാൻ സ്‌റ്റാർട്ടപ്പുകളിൽ നിറയുന്നത് ആശയങ്ങളുടെ പെരുമഴ. 399 പേരാണ് ലോക്ക്ഡൗണിൽ പുതിയ സംരംഭങ്ങൾ തുടങ്ങാൻ സ്‌റ്റാർട്ടപ്പ് മിഷനിൽ ഓൺലൈനായി രജിസ്‌റ്റർ ചെയ്‌തത്. 2015 മുതൽ ലോക്ക്ഡൗണിന് മുമ്പുവരെ മൊത്തം രജിസ്‌ട്രേഷനുകൾ 2,374 ആയിരുന്നു.
കഴിഞ്ഞവർഷങ്ങളിൽ പ്രതിമാസ രജിസ്‌ട്രേഷൻ ശരാശരി 50 പേരായിരുന്നു. രജിസ്‌ട്രേഷൻ ഇല്ലാത്ത മാസങ്ങളുമുണ്ട്. എന്നാൽ, ലോക്ക്ഡൗണിൽ പുതിയ ഐഡിയകളുമായി രജിസ്‌ട്രേഷൻ കുതിച്ചു. നിലവിൽ ആകെ രജിസ്‌ട്രേഷൻ 2,773 ആയിട്ടുണ്ട്. ഐ.ടി., ഹാർഡ് വെയർ, ബയോടെക്നോളജി, മരുന്ന് നിർമ്മാണ മേഖലകളിൽ വ്യവസായ യൂണിറ്റുകൾ തുടങ്ങാനാണ് കൂടുതൽ പേർക്കും താത്പര്യം.
താങ്ങായി സർക്കാർ
ലോക്ക്ഡൗണിൽ സമ്പദ് പ്രതിസന്ധിയിലായ സ്‌റ്റാർട്ടപ്പുകൾക്ക് താങ്ങായി മൂന്ന് പദ്ധതികളുമായി സർക്കാർ മുന്നിലുണ്ട്. അഞ്ചുവർഷം കൊണ്ട് 5,000 ചെറുകിട വ്യവസായ യൂണിറ്റുകൾ തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിട്ടുണ്ട്. കേരളാ ഫിനാൻഷ്യൽ കോർപ്പറേഷൻ വഴി 50 ലക്ഷം രൂപ വായ്പയായി നൽകും. 10 ശതമാനമാണ് പലിശ. മൂന്നു ശതമാനം സർക്കാർ വഹിക്കും.
എങ്ങനെ തുടങ്ങാം
വ്യവസായത്തിൻെറ രൂപരേഖ രജിസ്ട്രേഷനൊടൊപ്പം നൽകണം. ഉത്പന്നത്തിൻെറ മാർക്കറ്റ് സാദ്ധ്യത വിലയിരുത്തും. നല്ലതാണെങ്കിൽ അനുമതി. വായ്പയും കിട്ടും. വായ്പ വേണ്ടാത്തവർക്ക് സ്‌റ്റാർട്ടപ്പ് മിഷന്റെ സൗകര്യങ്ങൾ ഉപയോഗിക്കാം.
പുതിയ 'ശ്രദ്ധേയ" ആശയങ്ങൾ
സാനിറ്റൈസർ കുപ്പി നിർമ്മാർജ്ജനത്തിന് കുട്ടികൾ രൂപം നൽകിയ മെഷീൻ
വിദ്യാഭ്യാസ രംഗത്ത് അടക്കം 60 പുതിയ സംരംഭങ്ങൾ
₹10 കോടി
സ്റ്റാർട്ടപ്പ് മിഷന് സംസ്ഥാന ബഡ്‌ജറ്റ് വിഹിതം 10 കോടി രൂപ. ഇതുവരെ വായ്പ നൽകിയത് 300 യുവസംരംഭകർക്ക്.
പ്രതിസന്ധി സഹായം
1. സ്റ്റാർട്ട് അപ്പ് കമ്പനികൾക്ക് പർച്ചേസ് ഓർഡർ അനുസരിച്ച് ₹10 കോടി
2. സാമൂഹിക പ്രസക്തിയുള്ളവയ്ക്ക് ഒരു കോടി രൂപ
3. വെഞ്ച്വർ കാപ്പിറ്റൽ ഫണ്ടിന്റെ പരിശോധന കഴിഞ്ഞ ഐ.ടി കമ്പനികൾക്ക് ₹10 കോടി
''ലോക്ക്ഡൗണിൽ മികച്ച രീതിയിൽ പ്രവർത്തിച്ച 16 സ്റ്റാർട്ടപ്പുകൾക്ക് 230 കോടി രൂപയുടെ നിക്ഷേപമാണ് വിവിധ മേഖലകളിൽ നിന്നു കിട്ടിയത്. ശ്രദ്ധേയ നേട്ടമാണിത്.
സജി ഗോപിനാഥ്,
സി.ഇ.ഒ, സ്‌റ്റാർട്ടപ്പ് മിഷൻ