കല്ലമ്പലം: കൊവിഡ് സാഹചര്യത്തിൽ തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങി വരുന്ന പ്രവാസികൾക്കായ് സുഭിക്ഷ കേരളം പദ്ധതിയിലുൾപ്പെടുത്തി ഫിഷറീസ് വകുപ്പ് വഴി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് നടപ്പിലാക്കുന്ന മത്സ്യകൃഷി പദ്ധതിക്ക് ആറ്റിങ്ങൽ മണ്ഡലത്തിൽ തുടക്കമായി. പദ്ധതിയുടെ മണ്ഡലതല ഉദ്ഘാടനം കരവാരം ഗ്രാമ പഞ്ചായത്തിൽ സമീറിന്റെ വീട്ടുവളപ്പിൽ പ്രത്യേകം തയാറാക്കിയ ടാങ്കിൽ നിക്ഷേപിക്കാനുള്ള മത്സ്യ കുഞ്ഞുങ്ങളെ കൈമാറികൊണ്ട് അഡ്വ. ബി. സത്യൻ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ദീപാ ഐ.എസ് അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് സുരേഷ് സ്വാഗതം പറഞ്ഞു. ഫിഷറീസ് ഇൻസ്പക്ടർ മഞ്ജു, കൃഷി ഓഫീസർ ബീന, കോ- ഓർഡിനേറ്റർ അജിത്ത് തോട്ടയ്ക്കാട് എന്നിവർ സംസാരിച്ചു. 1,38000 രൂപയാണ് പദ്ധതിയുടെ ചെലവ്. ഇതിൽ 40 ശതമാനം സബ്സിഡി ലഭിക്കും. 55,000 രൂപയുടെ 30 ശതമാനം പഞ്ചായത്തും 10 ശതമാനം ഫിഷറീസ് വകുപ്പും വഹിക്കും. 5 മീറ്റർ വ്യാസത്തിൽ 750 മൈക്രോണിലുള്ള ടാർപ്പോളിൻ കൊണ്ട് വളയം തീർത്ത് 20000 ലിറ്റർ വെള്ളം നിറച്ച ശേഷം ചിത്ര ലാഡ എന്ന മുന്തിയ ഇനം മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിക്കുന്നത്. 1250 മത്സ്യകുഞ്ഞുങ്ങളെ വരെ ഒരു സമയം നിക്ഷേപിക്കാം. രണ്ട് ഘട്ടങ്ങളിലായി ഇതിന്റെ വിളവെടപ്പ് നടത്താം. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് എയറേഷൻ നടത്തും. മത്സ്യം പുറം തള്ളുന്ന വേസ്റ്റ് അവിട തന്നെ സംസ്കരിച്ച് തീറ്റയാക്കി മാറ്റും. പദ്ധതിയുടെ ആദ്യഘട്ടം കരവാരം, പുളിമാത്ത്, പഴയകുന്നുമ്മേൽ പഞ്ചായത്തുകളിലാണ് നടപ്പിലാക്കുന്നത്. തുടർന്ന് എല്ലാ പഞ്ചായത്തുകളിലും നാശോന്മുഖമായികൊണ്ടിരിക്കുന്ന കുളങ്ങൾ നവീകരിച്ച് പ്രവാസി കൂട്ടായ്മയിലൂടെ ജനകീയ മത്സ്യ കൃഷി പദ്ധതി നടപ്പാക്കും.