ഇന്ത്യയിൽ ഭീകരവാദം വളർത്താൻ ബദാം ഇറക്കുമതി വഴി പണമെത്തിക്കുന്നതായി കണ്ടെത്തിയത് എൻ.ഐ.എയാണ്. പാക് അധീന കാശ്മീരിൽ നിന്ന് ബദാം ഗിരി എന്ന ബദാം ഇന്ത്യയിലേക്ക് അയച്ചിരുന്നു. ഈ ഇടപാടിന്റെ മറവിലാണ് ഇന്ത്യയിലെ ഭീകരസംഘടനകൾക്ക് പണമെത്തിച്ചത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നിയന്ത്രണരേഖ കരാർ പ്രകാരം ഇരുരാജ്യങ്ങളിലും ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾ ബാർട്ടർ സമ്പ്രദായം വഴി കൈമാറാം. എന്നാൽ പാക് അധീന കശ്മീരിൽ വിളയുന്ന ബദാം ഗിരി എന്ന പേരിൽ കാലിഫോർണിയൻ ബദാം ഇറക്കുമതി ചെയ്താണ് ഇന്ത്യയിലേക്ക് കടത്തിയത്. ഇറക്കുമതി ചെയ്ത ബദാമിന്റെ മറവിൽ നിയന്ത്രണ രേഖയിലെ ട്രേഡ് ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിൽ നടത്തിയ ഇടപാടുകളുടെ പണം തീവ്രവാദത്തിനായി ഉപയോഗിച്ചെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ എൻ.ഐ.എ കേസെടുത്ത് അന്വേഷിക്കുകയാണ്.
ഭീകരസംഘടനകൾക്ക് ഫണ്ടിംഗ് നടത്തിയ നിരവധി കേസുകൾ എൻ.ഐ.എയുടെ ഡൽഹി, ഗുവാഹത്തി, ഹൈദരാബാദ് യൂണിറ്റുകളിൽ അന്വേഷണത്തിലാണ്. കേരളത്തിൽ നിന്ന് ഐസിസിലേക്കുള്ള റിക്രൂട്ട്മെന്റും എൻ.ഐ.എയാണ് അന്വേഷിക്കുന്നത്. യുവാക്കളെ വലവീശിപ്പിടിച്ച് പരിശീലനം നൽകി അഫ്ഗാനിസ്ഥാനിലും ഇറാഖിലുമൊക്കെ എത്തിക്കാനും ജയിലിലായവർക്ക് സാമ്പത്തിക, നിയമ സഹായമെത്തിക്കാനും വൻതോതിൽ പണം വേണം. പാകിസ്ഥാനിൽ അച്ചടിച്ച വ്യാജ കറൻസികളുടെ ഒഴുക്ക് കുറഞ്ഞതോടെ, ഭീകരസംഘടനകളുമായി ബന്ധമുള്ളവർ ക്വട്ടേഷനിലേക്ക് തിരിഞ്ഞു. സ്വർണവ്യാപാരികളെ കൊള്ളയടിച്ചും സ്വർണക്കടകൾ കുത്തിത്തുറന്നും പണമുണ്ടാക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് ശക്തമായ നടപടികളെടുത്തതോടെ പൊളിഞ്ഞു. പിന്നീടാണ് സ്വർണക്കടത്തിലൂടെ ഫണ്ടിംഗ് എന്ന ആശയത്തിലേക്ക് ഭീകരസംഘടനകൾ എത്തിയത്.
യു.എ.ഇ കോൺസുലേറ്റിന്റെ നയതന്ത്ര പരിരക്ഷ ദുരുപയോഗിച്ചുള്ള സ്വർണക്കടത്തിലെ വിവാദനായിക സ്വപ്നാസുരേഷിന് ഭീകരസംഘടനകളുമായി നേരിട്ട് ബന്ധമുണ്ടാകാൻ സാദ്ധ്യത കുറവാണ്. പക്ഷേ സ്വപ്നയെ കരുവാക്കി നടത്തിയ സ്വർണക്കടത്തിലെ മറ്റു കണ്ണികൾക്ക് ഭീകരബന്ധം സംശയിക്കപ്പെടുന്നു. വിദേശത്തുള്ള ഫൈസലിനെയും റബിൻസിനെയും കിട്ടിയാലേ ഇക്കാര്യത്തിലെ അന്വേഷണം മുന്നോട്ടുപോകൂ. മുൻപ് തീവ്രവാദക്കേസുകളുമായി ബന്ധപ്പെട്ട് ജയിൽശിക്ഷ അനുഭവിച്ച ചിലരുടെ ഉറ്റബന്ധുക്കളെ മലപ്പുറത്തു നിന്ന് എൻ.ഐ.എ പിടികൂടിയിട്ടുണ്ട്. ഐസിസിലേക്കും മറ്റ് ഭീകരസംഘടനകളിലേക്കും റിക്രൂട്ട്മെന്റിനും നിയമ, സാമ്പത്തിക സഹായം നൽകാനുമാണ് സ്വർണക്കടത്ത് നടത്തുന്നതെന്നാണ് എൻ.ഐ.എ സംശയിക്കുന്നത്.
പ്രതികളായ സ്വപ്നാസുരേഷ്, സരിത്ത്, സന്ദീപ്, ഫൈസൽ ഫരീദ് എന്നിവർക്കെതിരെ യു.എ.പി.എ നിയമത്തിലെ 16(തീവ്രവാദ പ്രവർത്തനം), 17(തീവ്രവാദ പ്രവർത്തനത്തിന് പണം സ്വീകരിക്കുക), 18(ഗൂഢാലോചന) എന്നീ വകുപ്പുകളാണ് എൻ.ഐ.എ ചുമത്തിയിട്ടുള്ളത്. ഫൈസലിനെ നാട്ടിലെത്തിച്ച് ചോദ്യംചെയ്താലേ ഭീകരബന്ധത്തിന് കൂടുതൽ തെളിവു കണ്ടെത്താനാവൂ. സ്വർണവ്യാപാരികൾക്കു വേണ്ടിയാണ് സ്വർണം കടത്തുന്നതെന്ന ധാരണയുണ്ടാക്കിയാണ് ഫൈസലും സന്ദീപും ഇടപാടുകൾ നടത്തിയതെന്നാണ് സ്വപ്നയുടെയും സരിത്തിന്റെയും മൊഴി. എന്നാൽ ഗൂഢാലോചനയിൽ പങ്കാളിയാവുകയും പണമിടപാട് നടത്തുകയും ചെയ്തതിനാൽ യു.എ.പി.എ വകുപ്പുകൾ ഇവർക്കെതിരെ നിലനിൽക്കുമെന്നാണ് എൻ.ഐ.എ പറയുന്നത്.
ഭീകരതയെ നേരിടാൻ
യു.എ.ഇ കൈകോർക്കും
ഇന്ത്യയെ തകർക്കാൻ ഭീകരസംഘടനകൾക്ക് പണമെത്തിക്കാനുള്ള ഫണ്ടിംഗിന്റെ വഴിയടയ്ക്കാൻ യു.എ.ഇ എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. നേരത്തേ ഐസിസ് ബന്ധമുള്ളവരെ പിടികൂടി ഇന്ത്യയിലേക്ക് നാടുകടത്തി ഇന്ത്യയുടെ ഭീകരവിരുദ്ധ പോരാട്ടത്തിന് യു.എ.ഇ പിന്തുണ അറിയിച്ചിരുന്നു. സ്വർണക്കടത്ത് കേസിലെ അന്വേഷണവുമായി യു.എ.ഇ സഹകരിക്കുന്നതിന്റെ സൂചനയാണ് ഫൈസൽ ഫരീദിന്റെ അറസ്റ്റ്. ഇയാളുടെ പാസ്പോർട്ട് വിദേശകാര്യമന്ത്രാലയം റദ്ദാക്കിയതിനു പിന്നാലെ യു.എ.ഇ ഫൈസലിന് യാത്രാവിലക്ക് ഏർപ്പെടുത്തി. പിന്നാലെ ദുബായ് പൊലീസ് ഫൈസലിനെ പിടികൂടി ഇന്ത്യൻ എംബസിയെ വിവരമറിയിച്ചു. ദുബായിലെ റഷീദിയ പൊലീസ് സ്റ്റേഷനിലെത്തി ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ ഇയാളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. കുറ്റവാളികളെ കൈമാറാൻ ഇന്ത്യയുമായി കരാറുള്ളതിനാൽ ഫൈസലിനെ യു.എ.ഇ ഉടൻ നാടുകടത്തുമെന്നാണ് വിവരം.
അറ്റാഷെയുടെ പേരിൽ ദുബായിൽ നിന്ന് സ്വർണമടങ്ങിയ ബാഗ് അയച്ചത് ഫൈസൽ ഫരീദാണ്. ഫൈസൽ ഫരീദ്, പി.ഒ ബോക്സ് 31456, വില്ല-നമ്പർ 5, അൽറാഷിദ, ദുബായ് എന്ന മേൽവിലാസത്തിൽ നിന്നാണ് കാർഗോ അയച്ചത്. യു.എ.ഇയുടെ ഔദ്യോഗിക ചിഹ്നം, നയതന്ത്ര ബാഗാണെന്ന സ്റ്റിക്കർ എന്നിവ പതിച്ചിരുന്നതിനു പുറമെ കാർഗോയുടെ എയർവേ ബില്ലിൽ ഡിപ്ലോമാറ്റ് ബാഗ് എന്ന് രേഖപ്പെടുത്തുകയും ചെയ്തു. നയതന്ത്രപരിരക്ഷ ദുരുപയോഗം ചെയ്തതിലൂടെ പ്രതികൾ യു.എ.ഇയുടെ അന്തസ് ഇല്ലാതാക്കാൻ ശ്രമിച്ചെന്ന വിലയിരുത്തലിലാണ് യു.എ.ഇ. കാർഗോ എത്തിയ സ്കൈ കാർഗോ, എമിറേറ്റ്സ് എയർലൈൻ, ദുബായ് വിമാനത്താവള ഉദ്യോഗസ്ഥർ എന്നിവയുടെ പങ്കും അന്വേഷണപരിധിയിലാണ്. ഈ അന്വേഷണം യു.എ.ഇയുടെ സഹായമില്ലാതെ നടത്താനാവില്ല.
(അവസാനിച്ചു)