വർക്കല: വർക്കലയിലെ തീരദേശ സംരക്ഷണത്തിന് ഒഫ് ഷോർ ബ്രേക്ക് വാട്ടർ പദ്ധതി നടപ്പാക്കണമെന്ന മത്സ്യത്തൊഴിലാളികളുടെ ആവശ്യം ശക്തമാകുന്നു. കടലൂരിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പദ്ധതി വിജയച്ചതിനെ തുടർന്നാണ് 2019ൽ കേരളത്തിന്റെ തീരങ്ങളിൽ നടപ്പാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. ആദ്യഘട്ടത്തിൽ പൂന്തുറ, വലിയതുറ, ബീമാപള്ളി, ശംഖുംമുഖം എന്നിവിടങ്ങളെയാണ് ഉൾപ്പെടുത്തിയെങ്കിലും വർക്കലയെ തഴയുകയായിരുന്നു.
തങ്ങൾക്ക് തൊഴിലവസരങ്ങൾ നഷ്ടപ്പെടാതെയുള്ള പദ്ധതി വർക്കല കടലോര മേഖലയിൽ നടപ്പാക്കാൻ സർക്കാരും ഫിഷറീസ് വകുപ്പും തയ്യാറാകണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം. സംരക്ഷണ കവചങ്ങളില്ലാത്തതിനാൽ മത്സ്യത്തൊഴിലാളികളുടെ കുടിലുകൾ ശക്തമായ തിരമാലകളിൽ തകരുന്ന അവസ്ഥയാണ് നിലവിൽ വർക്കല തീരമേഖലയിലുള്ളത്.
പ്രവർത്തനം ഇങ്ങനെ
കരയിൽ നിന്ന് 20 മീറ്റർ ദൂരത്തിൽ കടലിൽ സജ്ജമാക്കിയ ജിയോ ട്യൂബിലൂടെ തിരകളുടെ ശക്തി കുറയ്‌ക്കുന്ന പദ്ധതിാണ് ഒഫ് ഷോർ ബ്രേക്ക് വാട്ടർ. 20, 16, 12 മീറ്റർ നീളമുള്ള ജിയോ ട്യൂബുകളാണ് തൃകോണാകൃതിൽ അടുക്കിയാണ് തിരമാലകളെ തടഞ്ഞ് ശക്തി കുറയ്‌ക്കുന്നത്.
പദ്ധതിക്കുള്ള മണ്ണ് കടലിൽ നിന്ന് സംഭരിക്കും. ചെറിയ വള്ളങ്ങൾക്ക് കരയിലെത്തുന്നതിന് ഇത് തടസമാകില്ലെന്നും പദ്ധതി തയ്യാറാക്കിയ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓഷ്യൻ ടെക്നോളജിയുടെ ശാസ്ത്രീയ പഠനത്തിൽ പറയുന്നു. കടലിൽ നിന്നെടുക്കുന്ന മണ്ണിന്റെ ഒരു ഭാഗം കരയിൽ നിക്ഷേപിക്കാനും കഴിയും.
'വർക്കല തീരമേഖലയുടെ സംരക്ഷണത്തിനായി ഒഫ് ഷോർ ബ്രേക്ക് വാട്ടർ പദ്ധതി നടപ്പാക്കാൻ ഫിഷറീസ് വകുപ്പും സർക്കാരും മുന്നോട്ട് വരണം".
- വർക്കല ഹംസ,
മുസ്ലിം ലീഗ് വർക്കല മുനിസിപ്പൽ മണ്ഡലം പ്രസിഡന്റ്