നെയ്യാറ്റിൻകര: ചിട്ടിക്കാശ് തിരികെ ചോദിച്ചതിന് മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ മർദ്ദിച്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവിനെതിരെ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. മർദ്ദനമേറ്റ് രണ്ടു കാലിനും മുറിവേറ്റ് ചികിത്സയിലായ കുളത്തൂർ വെങ്കടമ്പ് കാഞ്ഞിരംതോട്ടം പൊറ്റയിൽ വീട്ടിൽ അജിയെ (42) നെയ്യാറ്റിൻകര ആശുപത്രിയിലെത്തിയാണ് കമ്മിഷൻ മൊഴി രേഖപ്പെടുത്തി കേസെടുത്തത്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം.
കുളത്തൂർ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവ് ചന്ദ്രനെതിരെയാണ് കേസെടുത്തത്. കമ്പ് കൊണ്ടുള്ള അടിയിൽ അജിയുടെ രണ്ട് കാലിനും മുറിവുണ്ട്. ചിട്ടിയിൽ അടച്ച പണം പലപ്പോഴായി തിരികെ ചോദിച്ചിട്ട് തന്നില്ലെന്നും ഇതേച്ചൊല്ലി പലപ്പോഴും വഴക്കുണ്ടായിട്ടുണ്ടെന്നും അജി പൊലീസിന് മൊഴി നൽകിയിരുന്നു. ചന്ദ്രന്റെ ഇഷ്ടിക ചൂളയിൽ ജോലി ചെയ്തതിന് കൂലിയിനത്തിലും കാശ് കിട്ടുവാനുള്ളതായി അജി പറയുന്നു. ഇവർ നടത്തുന്ന മൈക്രോ ഫിനാൻസ് യൂണിറ്റിൽ താൻ കെട്ടിയ ചിട്ടിപ്പണം തന്നില്ലെന്നും അജി മനുഷ്യാവകാശ കമ്മിഷന് മൊഴി നൽകി. പണം ചോദിക്കുമ്പോഴെല്ലാം ഭീഷണിപ്പെടുത്തും. തിങ്കളാഴ്ച വീണ്ടും പണം ആവശ്യപ്പെട്ടപ്പോഴാണ് ക്രൂരമായി മർദ്ദിച്ചതെന്നു മൊഴിയിൽ പറയുന്നു. ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ സ്റ്റേറ്റ് ഓർഗനൈസർ ആർ.ആർ.നായർ, മെമ്പർ അരുൺനായർ,സരിജ,കെ.രാജീവൻ തുടങ്ങിയവരടങ്ങിയ സംഘമാണ് നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തിയത്.