vld

വെള്ളറട: ബഡ്ജറ്റിൽ പണം വകയിരുത്തിയിട്ടും കുമ്പിച്ചൽ കടവ് പാലത്തിന് കരതൊടാനാകുന്നില്ല. അമ്പൂരി സെറ്റിൽമെന്റിലെ ആദിവാസികളുടെ ചിരകാല സ്വപ്നമായ കുമ്പിച്ചൽ കടവ് പാലം സാക്ഷാത്കരിക്കുമെന്ന് തിരഞ്ഞെടുപ്പ് വേളയിൽ സി.കെ. ഹരീന്ദ്രൻ എം.എൽ.എ ഉറപ്പുനൽകിയിരുന്നു. തുടർന്ന് എൽ.ഡി.എഫ് സർക്കാരിന്റെ ആദ്യ ബഡ്ജറ്റിൽ 15 കോടിയും അനുവദിച്ചു. എന്നാൽ വർഷങ്ങൾ പിന്നിട്ടിട്ടും പാലമെന്ന സ്വപ്നം യാഥാർത്ഥ്യമായിട്ടില്ല. നിലവിൽ ആദിവാസികളെയും, നെയ്യാർ റിസർവോയറിന് അപ്പുറമുള്ള സെറ്റിൽമെന്റുകളിലുമുള്ളവരെയും പുറം ലോകവുമായി ബന്ധിപ്പിക്കുന്നത് പൊളിയാറായ മൂന്ന് കടത്തുവള്ളങ്ങളാണ്. രാത്രിയിൽ ഇവയും ലഭിക്കില്ല. ഇതുകാരണം പലരും നീന്തിയാണ് വീട്ടിലെത്തുന്നത്.കാട്ടിൽ നിന്ന് പഠിക്കാൻ പോകുന്ന മക്കളെ അപകടം നിറഞ്ഞ അവസ്ഥയിൽ കടത്തുവഴി വിടുമ്പോൾ നെഞ്ചിടിപ്പോടെയാണ് ഇവിടെയുള്ളവർ കാത്തിരിക്കുന്നത്. അമ്പൂരിയിലെ സ്കൂളിലാണ് ഇവിടെ നിന്നുള്ള വിദ്യാർത്ഥികൾ പഠിക്കാൻ പോകുന്നത്. കടത്തുകടക്കുന്നതിനിടയിൽ നിരവധി അപകടങ്ങളുമുണ്ടായിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളിൽ രോഗികളെ ആശുപത്രികളിലെത്തിക്കാൻ പോലും പറ്റാത്ത അവസ്ഥയാണിപ്പോൾ. നിരവധി പേരുടെ ജീവനെടുത്ത ചങ്ങാട കടവിൽ തൂക്കുപാലം വേണമെന്ന ആവശ്യത്തോടും അധികൃതർ മുഖം തിരിക്കുകയാണ്. ആദിവാസികളുടെ കാത്തിരിപ്പ് പാലം വന്നാൽ 11 സെന്റിൽമെന്റുകളിലുള്ള ആദിവാസികൾക്കും, നെയ്യാർ റിസർവോയറിലെ അപ്പുറമുള്ള കൊമ്പയിൽ, പന്തപ്ലാമൂട്, തൊടുമല, പുരവിമല, ശംഖുകോണം തുടങ്ങിയ സെറ്റിൽമെന്റുകളിലുമുള്ളവർക്ക് ഏറെ ആശ്വാസമാകും. പാലം ഇല്ലാത്തതിനാൽ യാത്രാ ബുദ്ധിമുട്ട് നേരിടുന്ന ഇവർ അടിയന്തരമായി പാലം നിർമ്മിക്കുന്നതിനുള്ള നടപടികൾക്കായി കാത്തിരിക്കുകയാണ്. പാലം വരേണ്ടത് നെയ്യാറിന് കുറുകെ അനുവദിച്ചത് - 15 കോടി രൂപ ആശുപത്രിയിലെത്താൻ ബുദ്ധിമുട്ട് ആശ്രയം കടത്തുവള്ളം മാത്രം സംസ്ഥാന സർക്കാർ ബഡ്ജറ്റിൽ വകയിരുത്തിയ 15 കോടിയുടെ കുമ്പിച്ചൽ കടവ് പാലത്തിന്റെ നിർമ്മാണത്തിനുള്ള നടപടി പൂർത്തിയായി. മുഖ്യമന്ത്രി ചെയർമാനായുള്ള സ്റ്റേറ്റ് വൈൽഡ് ലൈഫിന്റെ അനുമതി ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പാലം നിർമ്മാണത്തിനുള്ള ടെൻഡർ നൽകി. ഇനി കേന്ദ്ര വൈൽഡ് ലൈഫിന്റെ അനുമതി മാത്രമേ ലഭിക്കാനുള്ളു. കൊവിഡ് കാരണമാണ് താമസം നേരിടുന്നത്. ഇതുലഭിച്ചാലുടൻ നിർമ്മാണം ആരംഭിക്കും". - സി.കെ. ഹരീന്ദ്രൻ എം.എൽ.എ