കഴക്കൂട്ടം: പെരുമാതുറ പഞ്ചായത്ത് എന്ന പ്രദേശവാസികളുടെ സ്വപ്നം ഇനിയും യാഥാർത്ഥ്യമായില്ല. ജാതി മത രാഷ്ട്രീയം മറന്ന് ഒരു കൂട്ടം പൊതുപ്രവർത്തകരും നാട്ടുകാരും പെരുമാതുറ പഞ്ചായത്ത് രൂപീകരിക്കണമെന്ന് ആവിശ്യപ്പെട്ട് കൊണ്ട് രംഗത്തെത്തിയിട്ട് വർഷം 50 പിന്നിടുകയാണ്. കടലും കായലും സംഗമിക്കുന്ന പെരുമാതുറ ഭൂപ്രദേശം ശാസ്ത്രപരമായി കരയാണെങ്കിലും ചിറയിൻകീഴ്, അഴൂർ, കഠിനംകുളം പഞ്ചായത്തുകളിൽപ്പെട്ട് മൂന്ന് പ്രാദേശിക ഭരണകൂടങ്ങളാൽ വിഭജിച്ച് ഭരിക്കപെടുകയാണ്. പുതിയൊരു പഞ്ചായത്ത് രൂപീകരിക്കാൻ ആവശ്യമുള്ള ഭൂവിസ്തൃതിയും ജനസംഖ്യയും സാമ്പത്തിക ഉറവിടങ്ങളും ഇവിടെ ലഭ്യമാണെന്നതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് കേരളത്തിൽ പുതിയ പഞ്ചായത്തുകൾ അനുവദിച്ചതിൽ പെരുമാതുറ പഞ്ചായത്തും ഉൾപ്പെട്ടിരുന്നു. അതിന്റെ പ്രാഥമിക പേപ്പർ ജോലികളും മറ്റും പുരോഗമിക്കുന്നതിനിടെ ഹൈക്കോടതി ഇപ്പെടൽ കാരണം സർക്കാർ രൂപീകരിക്കാനൊരുങ്ങിയ മുഴുവൻ പുതിയ പഞ്ചായത്തുകളും സ്റ്റേ ചെയ്യപ്പെടുകയായിരുന്നു. ഒരു പുതിയ പഞ്ചായത്ത് രൂപീകരണത്തിന്റെ എല്ലാ സാദ്ധ്യതകളും വ്യക്തമായി പഠിച്ച ശേഷം പെരുമാതുറ പഞ്ചായത്ത് അനിവാര്യമാണെന്ന റിപ്പോർട്ടാണ് അന്നത്തെ പഞ്ചായത്ത് ഡയറക്ടർ സർക്കാരിന് സമർപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പുതിയ പഞ്ചായത്ത് രൂപീകരണ ലിസ്റ്റിൽ പെരുമാതുറയും ഉൾപ്പെട്ടത്. കഠിനംകുളം പഞ്ചായത്തിലെ 23 വാർഡുകളിൽ നിന്നായി ചേരമാൻ തുരുത്ത്, കഠിനംകുളം, പുതുകുറുച്ചി ഈസ്റ്റ്, പുതുകുറുച്ചി നോർത്ത് ഉൾപ്പെടുന്ന നാല് വാർഡുകളും. അഴൂർ പഞ്ചായത്തിലെ മാടൻവിള, കൊട്ടാരംതുരുത്ത് ഉൾപ്പെടുന്ന 2 വാർഡുകളും ചിറയിൻകീഴ് പഞ്ചായത്തിലെ ഒറ്റപ്പന, പെരുമാതുറ, പൊഴിക്ക ഉൾപ്പെടുന്ന മൂന്ന് വാർഡുകളും ചേർത്ത് പത്ത് വാർഡുകളാക്കി ഏകദേശം 7 ചതുരശ്ര കിലോമീറ്ററിൽ ഉൾക്കൊള്ളുന്ന തരത്തിലാണ് പെരുമാതുറ പഞ്ചായത്ത് കഴിഞ്ഞ സർക്കാർ വിഭാവനം ചെയ്തത്. ഇടത് സർക്കാർ അധികാരമേറ്റ നാൾ മുതൽ രാഷ്ട്രീയം മറന്നാണ് മുഴുവൻ ജനങ്ങളും പഞ്ചായത്ത് രൂപീകരണ ആവശ്യമുമായി മുന്നോട്ട് പോയത്. ഇടത് മുന്നണിക്ക് മുൻതൂക്കമുള്ള ഈ പ്രദേശത്തെ ജനം പിണറായി സർക്കാറിൽ ഏറേ പ്രതീക്ഷവച്ചിരുന്നു. പെരുമാതുറ പഞ്ചായത്ത് യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പെരുമാതുറ കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രദേശത്തെ രാഷ്ട്രീയ സാംസ്കാരിക മത സംഘടനാ പ്രതിനിധികൾ ബന്ധപ്പെട്ടവർക്ക് നിവേദനം നൽകി കാത്തിരിക്കുകയാണ്.