കോടമ്പള്ളിക്കടവ്
വക്കം: വക്കത്തെ കോടംപള്ളിക്കടവ് വികസനത്തിനായി കാത്തിരിക്കുന്നു. കയർപിരിക്കുന്ന റാട്ടിന്റെ സംഗീതം നിലച്ച കോടംപള്ളിക്കടവിൽ ഇന്ന് മൂകത മാത്രം. ഒരു കാലത്ത് വക്കം മേഖലയിലെ കയറിന്റെ ഈറ്റില്ലമായിരുന്നു കോടംപള്ളിയും പരിസര പ്രദേശവും. മുണ്ട് കായൽ മുതൽ അണയിൽക്കടവ് വരെ നീണ്ടു കിടക്കുന്ന കായൽ തീരങ്ങളിൽ പകൽ സമയങ്ങളിൽ തൊണ്ട് തല്ലുന്നതിന്റെയും കയർപിരിക്കുന്നതിന്റെയും ശബ്ദം മാത്രം.
നൂറു കണക്കിന് കുടുംബങ്ങളുടെ അത്താണിയായിരുന്ന വക്കത്തെ കയർ മേഖല ഇന്ന് ഏറെക്കുറെ നിശ്ചലം. തൊണ്ട് അഴുക്കുന്നതിന് നൂറുകണക്കിന് മാലുകൾ ഉണ്ടായിക്കുന്ന വട്ടങ്ങൾ അനാഥമായി. മിക്കതും നശിച്ചു. കയറിടുന്നതിനുള്ള കടവണ്ടികൾ മുതൽ തൊണ്ട് തല്ലുന്ന കൊട്ടുവിടി വരെ നശിച്ചു കഴിഞ്ഞു. വീടുകളുടെ പ്രൗഡി വിളിച്ചോതിയ പാക്കളങ്ങൾ ഇന്ന് കാണാനില്ല. കായൽ മേഖലകളിൽ എങ്ങും കാട്കയറിയ പുരയിടങ്ങൾ മാത്രം.
കയറിന്റെ സുവർണ കാലത്ത് പുലർച്ചെ ഏഴ് മണിക്ക് ഉണരുന്ന കയർ മേഖലയിൽ തൊണ്ട് തല്ലലും, കയർ പിരിക്കലും എല്ലാം തകൃതിയായിരുന്നു. ചകിരിയുടെ ലഭ്യതക്കുറവ് കയർ മേഖലയുടെ തകർച്ചയ്ക്ക് തുടക്കമായി. പിന്നെ കുറഞ്ഞകൂലിക്ക് തൊഴിലാളികളെ കിട്ടാതായി. കയർഫെഡിന്റെ നേതൃത്വത്തിൽ യന്ത്രവത്കരണം നടത്തി. കയർ മേഖലകളിൽ ചകിരി എത്തിക്കാനുള്ള നീക്കവും ഫലം കണ്ടില്ല.
പ്രകൃതി സൗന്ദര്യം കൊണ്ട് മനോഹരമായ കൊടം പള്ളിക്കടവ് ടൂറിസ്റ്റ് കേന്ദ്രമാക്കണമെന്നാണ് പ്രദേശവാസികളുടെ ഇന്നത്തെ ആവശ്യം. സുന്ദരമായ കായൽക്കാഴ്ചയുടെ കടവായി ഇവിടം മാറിയിരിക്കുന്നു. നേരേ മറുകരയിൽ നോക്കിയാൽ പൊന്നും തുരുത്തും, തൊട്ടടുത്ത് അകത്ത് മുറി കായലും. സ്വദേശ, വിദേശ ടൂറിസ്റ്റുകളെ കുളിർമയിൽ കൊള്ളിക്കുന്ന പ്രകൃതി ഭംഗി. ഇനി ജലഗതാഗതം വഴി വക്കം വികസനത്തിന്റെ പുതിയ മേച്ചിൽപ്പുറം തേടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കായൽ ഭംഗിയേറിയ കോടമ്പള്ളിക്കടവ് ടൂറിസം കേന്ദ്രമായി വികസിപ്പിക്കണമെന്ന് നാട്ടുകാർ
മറുകരയിൽ പൊന്നും തുരുത്തും, തൊട്ടടുത്ത് അകത്ത് മുറി കായലും വികസനത്തിന് സാദ്ധ്യതകളേറെ
ഒരു കാലത്ത് കയൽ ഉത്പാദന കേന്ദ്രമായിരുന്ന കോടമ്പള്ളിക്കടവ് ഇന്ന് കാട് കയറി നശിക്കുന്നു
വക്കത്തെ കായലോര ടൂറിസ വികസനത്തിന് സംസ്ഥാന സർക്കാർ മുന്നോട്ട് വരണം.
ലാലിജ, ഗ്രാമപഞ്ചായത്ത് അംഗം, വക്കം