തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിനുള്ള ഭൂമി കൈയിൽ കിട്ടുന്നത് വരെ കാത്തിരുന്നാൽ പദ്ധതിയല്ല, കമ്മിഷന്റെ കാര്യമാണ് ഗണപതികല്യാണം പോലെയാവുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ മറുപടി.
വിമാനത്താവളത്തിന്റെ പേരിലെ കൺസൾട്ടൻസി തട്ടിപ്പിനെ വിചിത്രവും ബാലിശവുമായ വാദങ്ങളുമായാണ് മുഖ്യമന്ത്രി വെള്ളപൂശുന്നത്. വിമാനത്താവളം പണിയണമെങ്കിൽ ഭൂമി കൈയിൽ കിട്ടണം. പക്ഷേ അതിനായി കാത്തിരുന്നാൽ കൺസൾട്ടൻസിയെ വച്ച് പണം തട്ടാനാവില്ല. അത് നഷ്ടപ്പെടുത്താനാവാത്തതിനാലാണ് ആദ്യമേ 4.6 കോടിക്ക് കൺസൾട്ടൻസിയെ വച്ചത്.
മൂന്ന് വർഷത്തിനിടയിൽ കൺസൾട്ടന്റായ ലൂയിസ് ബർഗർ എന്ത് ജോലിയാണ് വേഗത്തിൽ പൂർത്തിയാക്കിയതെന്ന് വിശദീകരിക്കണം. പദ്ധതിയുടെ സാങ്കേതിക, സാമ്പത്തിക, പരിസ്ഥിതി ആഘാത പഠനം, കേന്ദ്ര സർക്കാരിൽ നിന്ന് വിമാനത്താവളത്തിനുള്ള തത്വത്തിൽ അംഗീകാരം, പരിസ്ഥിതി അനുമതി തുടങ്ങിയവ വാങ്ങുന്നതിനായാണ് ലൂയിസ് ബർഗറെ ഏല്പിച്ചിരുന്നത്. ഇതിലൊന്നുപോലും നടന്നിട്ടില്ല. അതും ഗണപതി കല്യാണം പോലെയായില്ലേ. നിർദ്ദിഷ്ട ഭൂമിയിലേക്ക് കടക്കാൻ അവർക്ക് കഴിയാത്തതിനാൽ ഏല്പിച്ച ജോലികൾ ചെയ്യാനായിട്ടില്ലെന്നാണ് മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിൽ വിമാനത്താവള സ്‌പെഷ്യൽ ഓഫീസർ വെളിപ്പെടുത്തിയത്.
ശബരിമല വിമാനത്താവളമെന്നത് യു.ഡി.എഫിന്റെ ആശയമായിരുന്നു എന്നത് മുഖ്യമന്ത്രി മറക്കരുത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തെയും കണ്ണൂർ എയർപോർട്ടിന്റെ സ്ഥലമെടുപ്പിനെയും എതിർത്തത് ആരാണെന്ന് ജനങ്ങൾക്കറിയാം. ശബരിമല വിമാനത്താവളത്തിന്റെ പേരിലെ കൺസൾട്ടൻസി കമ്മിഷനിലാണ് സർക്കാരിന്റെ നോട്ടം. ഇതേക്കുറിച്ച് സമഗ്രാന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.