തിരുവനന്തപുരം: ബിവറേജസ് മൊബൈൽ ആപ്പിലെയും പമ്പാ ത്രിവേണിയിലെ മണൽകടത്തിലെയും അഴിമതിയെപ്പറ്റി താൻ നൽകിയ പരാതികളിൽ കേസെടുക്കാത്തതിനെതിരെ വിജിലൻസ് ഡയറക്ടർക്ക് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വീണ്ടും കത്ത് നൽകി. ബിവറേജസ് ഔട്ട്ലെറ്റുകൾക്കുള്ള മൊബൈൽ ആപ്പ് തയ്യാറാക്കുന്നതിന് ഫെയർകോഡ് എന്ന സ്വകാര്യ കമ്പനിയെ തിരഞ്ഞെടുത്തതിലും ത്രിവേണിയിലെ മണൽ കടത്തിലുമുണ്ടായ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മേയ് 28നും ജൂൺ ആറിനുമാണ് പരാതി നൽകിയത്. പരാതിയിൽ വിജിലൻസ് എന്തെങ്കിലും നടപടി സ്വീകരിച്ചതായി വിവരം ലഭിച്ചിട്ടില്ല. അതിനാൽ സുപ്രീംകോടതി നിർദ്ദേശങ്ങൾക്കനുസരിച്ച് അടിയന്തരമായി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം. അന്വേഷണത്തിലുണ്ടാകുന്ന കാലതാമസം തെളിവുകളും രേഖകളും നഷ്ടപ്പെടാനിടയാക്കുമെന്നും ചെന്നിത്തല പറഞ്ഞു.