കിളിമാനൂർ: കൊവിഡ് പ്രതിരോധത്തിൽ മുന്നിലുണ്ടായിരുന്ന സേനാംഗങ്ങൾ കൂട്ടത്തോടെ ക്വാറന്റൈനിലാകുന്നത് പൊലീസ് സ്റ്റേഷനുകളുടെ താളം തെറ്റിക്കുന്നു. കസ്റ്റഡിയിലെടുക്കുന്ന പ്രതികൾക്ക് കൊവിഡ് സ്ഥിതീകരിച്ചതോടെയാണ് പൊലീസുകാർ നിരീക്ഷണത്തിലായത്. പള്ളിക്കൽ, കിളിമാനൂർ സ്റ്റേഷനുകളിൽ അറസ്റ്റിലായ പ്രതികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇവിടത്തെ മുഴുവൻ പോലീസുകാരുടെയും സ്രവം പരിശോധനയ്ക്ക് അയച്ചിരുന്നു.
മാല മോഷണ കേസിലെ പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കിളിമാനൂർ സ്റ്റേഷനിലെ സി.ഐ, എസ്.ഐ എന്നിവർ ക്വാറന്റൈനിലാണ്. കൊവിഡിന്റെ ആദ്യഘട്ടത്തിൽ പകുതി പൊലീസുകാരെ വച്ച് സ്റ്റേഷൻ ഡ്യൂട്ടി ചെയ്യിപ്പിക്കാൻ സർക്കുലറിറക്കിയിരുന്നു. പക്ഷേ ലോക് ഡൗൺ പിൻവലിച്ചതും, ക്വാറന്റൈൻ സെന്റർ, ചെക് പോസ്റ്റുകൾ, കോടതി, മാസ്ക് പരിശോധന എന്നിവ കൂടിയതും കാരണം പൊലീസുകാരുടെ ജോലി സാധാരണ നിലയിലായി. സേനാംഗങ്ങളിൽ കൊവിഡ് പടരുന്നത് കാരണം പേടിയോടെയാണ് പൊലീസുകാർ ഇപ്പോൾ ജോലിക്കെത്തുന്നത്.
കുഞ്ഞുങ്ങളും വൃദ്ധരായ മാതാ പിതാക്കളുമുള്ള പൊലീസുകാർ ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകാൻ മടിക്കുകയാണ്. സ്റ്റേഷനിലെ പകുതി പേർക്ക് ഒരാഴ്‌ച ക്രമത്തിൽ ജോലി ക്രമീകരിച്ച് തങ്ങളുടെ മാനസിക സംഘർഷം ഒഴിവാകുമെന്ന് പൊലീസുകാരും പറയുന്നു.
കിളിമാനൂർ സ്റ്റേഷനിലെ പ്രവർത്തനം പള്ളിക്കൽ സി.ഐയുടെ മേൽനോട്ടത്തിൽ നടക്കും. കൊവിഡ് രോഗിയുമായി പ്രൈമറി കോൺടാക്ടുള്ള പൊലീസുകരെ ക്വാറന്റൈനിലാക്കും. മുഴുവൻ പേരെയും സ്രവ പരിശോധനയ്ക്ക് വിധേയരാക്കും.
- സുരേഷ്, ആറ്റിങ്ങൽ ഡിവൈ.എസ്.പി