susmitha

പതിനെട്ടിന്റെ തുടക്കത്തിലേ മിസ് ഇന്ത്യയും, മിസ് യൂണിവേഴ്സ് കീരിടമൊക്കെ നേടിയശേഷം വെള്ളിത്തിരയിലേക്ക് എത്തിയ സുന്ദരിയാണ് സുസ്മിത സെൻ. ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളായി തിളങ്ങിയ താരത്തിന്റെ വിശേഷങ്ങൾക്ക് ഇപ്പോഴും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ബോളിവുഡിൽ തിളങ്ങി നിന്ന നടി പത്ത് വർഷത്തോളമായി അഭിനയ ജീവിതത്തിൽ നിന്നും മാറി നിൽക്കുകയായിരുന്നു. ഇപ്പോൾ വമ്പൻ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. ഇതുവരെ വിവാഹിതയല്ലെങ്കിലും സുസ്മിതയ്‌ക്കൊപ്പം ഒരു കാമുകൻ കൂടി ഉണ്ട്. ഇന്നലെ ഇരുവരുടെയും ജീവിതത്തിലെ ഏറ്റവും പ്രധാന്യമുള്ള ദിവസമാണെന്നാണ് നടി തന്നെ പറയുന്നത്. വർഷങ്ങളായി രണ്ട് പെൺകുട്ടികളെ ദത്തെടുത്ത് സിംഗിൾ മദറായി കഴിയുകയായിരുന്നു സുസ്മിത സെൻ. അതുകൊണ്ടുതന്നെ വർഷങ്ങളായി നടിയുടെ വിവാഹത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു ആരാധകർ. കഴിഞ്ഞ രണ്ട് വർഷമായി സുസ്മിത പ്രണയത്തിലാണെന്നും വിവാഹിതയാവാൻ പോവുകയാണെന്നും നിരന്തരം ഗോസിപ്പുകൾ വന്നിരുന്നു. അന്നൊന്നും അതേ കുറിച്ച് നടി പറഞ്ഞിട്ടില്ലെങ്കിലും കുടുംബത്തിനൊപ്പം സ്ഥിരമായി ഈ ചെറുപ്പക്കാരനെ കണ്ട് തുടങ്ങി. സുസ്മിതയുടെ യാത്രകളിലും വീട്ടിലുമൊക്കെ ഉണ്ടാവാറുള്ള ആ ചെറുപ്പക്കാരനാണ് റോഹ്മാൻ ഷോവൽ. അറിയപ്പെടുന്ന മോഡൽ കൂടിയായ റോഹ്മാനുമായി 2018 ലാണ് സുസ്മിത പ്രണയത്തിലാവുന്നത്. ഇരുവരും മക്കൾക്കൊപ്പം അവധി ആഘോഷിക്കാൻ പോവുന്നതും സുസ്മിതയുടെ കുടുംബത്തിലെ ചടങ്ങുകൾക്ക് റോഹ്മാൻ എത്തുന്നതുമൊക്കെ നേരത്തെ വാർത്തയായിരുന്നു. ഇതോടെ ഇരുവരും ലിവിംഗ് റിലേഷനിലാണെന്നുള്ള റിപ്പോർട്ടും എത്തി. അതൊക്കെ സത്യമാണെന്ന് അടുത്തിടെയാണ് താരങ്ങൾ വ്യക്തമാക്കിയത്. ഇപ്പോഴിതാ റോഹ്മാനൊപ്പമുള്ള പുത്തൻ ചിത്രവുമായി എത്തിയിരിക്കുകയാണ് നടി. ഇരുവരും ഒന്നായതിന്റെ രണ്ട് വർഷങ്ങൾ പൂർത്തിയായെന്ന് സൂചിപ്പിച്ച് കൊണ്ടായിരുന്നു സുസ്മിത എത്തിയിരിക്കുന്നത്. "സുഷ് അവളുടെ റോഹിനെ എപ്പോഴാണ് കണ്ടുമുട്ടിയത്' ഹാപ്പി ആനിവേഴ്സറി ജാൻ. നമ്മൾ ഒന്ന് ചേർന്നതിന്റെ രണ്ടാം വാർഷികമാണിന്ന്. കുഞ്ഞുങ്ങളും ഞാനും നിന്നെ അനന്തമായി സ്‌നേഹിക്കുന്നു. ഇനിയും ഒരുപാട്..." എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്. "ഞാനും അനുഗ്രഹിക്കപ്പെട്ടവനാണ്. നിന്നെ ഞാൻ സ്‌നേഹിക്കുന്നു..." എന്നായിരുന്നു സുസ്മിതയുടെ പോസ്റ്റിന് താഴെ റോഹ്മാന്റെ കമന്റ്. സുസ്മിതയ്‌ക്കൊപ്പമുള്ള ചിത്രവുമായി റോഹ്മാനും ആനിവേഴ്സറി ആശംസകളുമായി എത്തിയിരുന്നു. നിങ്ങളുടേത് പരിശുദ്ധമായ സ്‌നേഹമാണെന്ന് നടി സമീറ റെഡ്ഡിയും കമന്റിലൂടെ സൂചിപ്പിച്ചു. നിരവധി പ്രമുഖരും ആരാധകരും റോഹ്മാനും സുസ്മിതയ്ക്കും ആശംസകൾ അറിയിച്ച് എത്തി. എന്നും ഇതുപോലെ സന്തോഷത്തോടെ കഴിയാൻ നിങ്ങൾക്ക് സാധിക്കട്ടെ എന്നാണ് ആരാധകർ പറയുന്നത്. നാൽപത്തിനാല് വയസുകാരിയായ സുസ്മിതയും 29 വയസുകാരനായ റോഹ്മാനുമായി പ്രണയത്തിലാണെന്നത് വലിയ ചർച്ചയായിരുന്നു. പ്രായവ്യത്യാസത്തിന്റെ പേരിൽ കളിയാക്കലുകളും ഇരുവർക്കും നേരിടേണ്ടി വന്നിരുന്നു. എന്നാൽ കാമുകനെ ആദ്യം പരിചയപ്പെടുന്ന സമയത്ത് അവന്റെ പ്രായം എത്രയാണെന്ന് തനിക്ക് അറിയില്ലായിരുന്നെന്ന് സുസ്മിത വെളിപ്പെടുത്തിയിരുന്നു. "തുടക്കത്തിൽ ചില കാരണങ്ങളാൽ അദ്ദേഹം സ്വന്തം പ്രായം മറച്ചുവച്ചു. ഞാൻ അദ്ദേഹത്തോട് ചോദിച്ചുകൊണ്ടേയിരുന്നു. ഊഹിച്ചെടുത്തോളു എന്നാണ് അവൻ പറഞ്ഞിരുന്നത്. പിന്നീടാണ് അവന്റെ യഥാർഥ പ്രായം ഞാൻ മനസിലാക്കുന്നത്. ഇത് ഞങ്ങൾ തിരഞ്ഞെടുത്തതല്ല. ഈ ബന്ധം ഞങ്ങളെ തിരഞ്ഞെടുക്കുകയായിരുന്നു...." ഇങ്ങനെ വിധിക്കപ്പെട്ടതാണെന്നും നേരത്തെ ഒരു അഭിമുഖത്തിൽ സുസ്മിത പറഞ്ഞിരുന്നു. ഇപ്പോൾ റോഹ്മാനുമൊപ്പം കഠിനമായ വർക്കൗട്ടുകളിലൂടെയാണ് സുസ്മിത വാർത്തകളിൽ നിറയുന്നത്. ആരോഗ്യത്തോടെയുള്ള നല്ല കുടുംബ ജീവിതം ആസ്വദിക്കുകയാണ് താരങ്ങൾ.