നെടുമങ്ങാട് :വിത്തെറിഞ്ഞ് മൂന്നാം മാസത്തിൽ വിളവെടുക്കാവുന്ന ചോളം കൃഷിയിൽ വിജയഗാഥ രചിച്ച് പുതുചരിത്രമാവുകയാണ് ആനാട്ടെ ഒരുകൂട്ടം കർഷകർ. ജില്ലാഞ്ചായത്ത് ആരംഭിച്ച തരിശുഭൂമി കൃഷി പദ്ധതിയിൽ ഒന്നര ഏക്കർ സ്ഥലത്ത് ചോളം കൃഷി വിജയകരമായി പരീക്ഷിച്ച് വിളവെടുപ്പ് പൂർത്തിയാക്കിയതിന്റെ ആഹ്ലാദത്തിലാണ് ഇവർ. എട്ടു കർഷകരാണ് പരീക്ഷണാടിസ്ഥാനത്തിൽ ചോളം കൃഷി ചെയ്യാൻ മുന്നോട്ടു വന്നത്. കോയമ്പത്തൂരിൽ നിന്ന് കൊണ്ടുവന്ന ഹൈബ്രിഡ് വിത്ത് ആനാട്ടെ മലയോര മണ്ണിന് നന്നായി ഇണങ്ങുമെന്നാണ് ഇതുവരെയുള്ള കൃഷി നൽകുന്ന പാഠം. പത്ത് ഏക്കർ സ്ഥലത്ത് കൃഷി വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഗ്രാമപഞ്ചായത്തും കൃഷിഭവനും. ഇതിന്റെ ഭാഗമായി 50 കർഷകർക്ക് സൗജന്യമായി വിത്ത് കൈമാറി. കോയമ്പത്തൂരിൽ നിന്ന് വിത്ത് കിട്ടാൻ വൈകുന്നതാണ് മറ്റ് കർഷകർക്ക് എത്തിക്കുന്നതിൽ കാലതാമസം വരുത്തുന്നതെന്ന് പ്രസിഡന്റ് ആനാട് സുരേഷും കൃഷിഓഫീസർ എസ്. ജയകുമാറും പറഞ്ഞു. പഞ്ചായത്തിൽ മാതൃകാ ചോളം കൃഷിയിടമായി തിരഞ്ഞെടുത്ത ഷിബു - ശാലിനി കർഷക ദമ്പതികളുടെ വിളവെടുപ്പ് കഴിഞ്ഞദിവസം ജില്ലാ പഞ്ചായത്ത് മെമ്പർ ആനാട് ജയൻ നിർവഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ്, കൃഷിഓഫീസർ എസ്. ജയകുമാർ, വാർഡ് മെമ്പർ ശ്രീകല, മാതൃകാ കർഷകൻ പുഷ്ക്കര പിള്ള, കൃഷിഅസിസ്റ്റന്റ് ആനന്ദ് എന്നിവർ നേതൃത്വം നൽകി.