health-staff-

കാട്ടാക്കട: ഗ്രാമീണ മേഖലകളിൽ ദിനംപ്രതി കൊവിഡ് കേസുകൾ കൂടിവരുന്ന സാഹചര്യത്തിൽ പരിശോധനയ്ക്കുള്ള ക്രമീകരണങ്ങൾ ഒരുക്കുന്നതിന് സർക്കാർ ആശുപത്രികളിലും പഞ്ചായത്തുകളിലുമുള്ളത് വിരലിൽ എണ്ണാവുന്ന ആരോഗ്യവകുപ്പ് ജീവനക്കാർ മാത്രം. ഇവരാകട്ടെ സ്രവ പരിശോധനയും വാക്സിനേഷനും ഒക്കെ ആളുകൾക്ക് ലഭ്യമാക്കുന്ന തിരക്കുള്ളതിനാൽ വേണ്ടത്ര വിശ്രമം ലഭിക്കാതെയാണ് ജോലി ചെയ്യുന്നത്. സ്രവ പരിശോധനയുടെ പട്ടിക തയ്യാറാക്കൽ, പോസിറ്റീവായവരുടെ ലിസ്റ്റ് തയ്യാറാക്കൽ, നിരീക്ഷണത്തിലുള്ളവരുടെ പട്ടിക തയ്യാറാക്കൽ, സമ്പർക്ക പട്ടിക തയ്യാറാക്കൽ, ഇവരുടെ പരിശോധന, തുടർനിരീക്ഷണം, പരിശോധനാ ഫലം, റിപ്പോർട്ട് തയ്യാറാക്കൽ, ആംബുലൻസ് - പരിശോധനാ കിറ്റ് സജ്ജീകരണം തുടങ്ങിയവ എല്ലാം ചെയ്യുന്നത് വിരലിലെണ്ണാവുന്ന ആരോഗ്യ പ്രവർത്തകരാണ്. ഇവർക്ക് ആർക്കെങ്കിലും രോഗബാധയുണ്ടായാൽ പകരം ജോലിചെയ്യാൻ ആരോഗ്യ പ്രവർത്തകരില്ലാത്ത സ്ഥിതി വരും. പൂവച്ചൽ ഗ്രാമപഞ്ചായത്തിൽ ആരോഗ്യ വകുപ്പ് ജീവനക്കാരായുള്ളത് ഒരു ഹെൽത്ത് ഇൻസ്‌പെക്ടറും രണ്ടു ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരും മാത്രമാണ്. ഒരുമാസത്തിനിടെ ഈ പഞ്ചായത്തിൽ മാത്രം ഏകദേശം 45 ഓളം പേർക്കാണ് പോസിറ്റീവായത്. ഇവരുടെ സമ്പർക്ക പട്ടിക തയാറാക്കുക എന്നത് തന്നെ ശ്രമകരമായ ജോലിയാണ്. പഞ്ചായത്തിൽ ഇവരെ സഹായിക്കാൻ താത്കാലിക ജീവനക്കാർ രണ്ടു പേർ ഉണ്ടായിരുന്നത് ഇപ്പോഴില്ല. 23 വാർഡുകൾ ഉള്ള പഞ്ചായത്തിലെ മുഴുവൻ ഉത്തരവാദിത്വവും നിലവിലെ മൂന്നു ജീവനക്കാരിൽ മാത്രമായിരിക്കുകയാണ്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് താത്കാലിക നിയമനം നടത്താൻ പോലും ബന്ധപ്പെട്ടവർ തയ്യാറായിട്ടില്ല. ഇതിനിടയിലാണ് പൂവച്ചൽ പഞ്ചായത്തിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ തുടങ്ങാനുള്ള നടപടികളും പുരോഗമിക്കുന്നത്. അതിനാൽ ഇപ്പോഴുള്ളവർക്ക് അമിത ജോലിയിൽ ശാരീരിക - മാനസിക ബുദ്ധിമുട്ടുകളുണ്ടാകാൻ സാദ്ധ്യത കൂടുതലാണ്. സമീപത്തെ മറ്റ് പഞ്ചായത്തുകളിലും ഈ പ്രശ്നം നേരിടുന്നുണ്ട്.