തിരുവനന്തപുരം: തിരുവനന്തപുരം - കാസർകോട് അർദ്ധ അതിവേഗ റെയിൽപാതയായ സിൽവർലൈൻ പദ്ധതിയിൽ സമഗ്രമായ പുനഃപരിശോധന വേണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ മുഖ്യമന്ത്രിക്ക് കത്തയച്ചു. പദ്ധതി സംബന്ധിച്ച് നിയമപരമായും ജനങ്ങളെ ബോദ്ധ്യപ്പെടുത്തിയും നടത്തേണ്ട പാരിസ്ഥിതിക, സാമൂഹ്യ ആഘാത പഠനങ്ങളോ പബ്ലിക് ഹിയറിംഗോ നടത്താതിരുന്നത് ഗുരുതരമായ വീഴ്ചയാണ്.
ആറുദിവസത്തെ ആകാശ സർവേയിലൂടെയാണ് ബൃഹത്തായ പദ്ധതിയുടെ സർവേ പൂർത്തിയാക്കിയത്. ജനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട് സാദ്ധ്യതാപഠനം നടത്താതെ ഇപ്പോഴത്തെ അടങ്കൽത്തുക നിശ്ചയിച്ചതുതന്നെ പദ്ധതി നടത്തിപ്പിലെ പാളിച്ച വ്യക്തമാക്കുന്നതാണ്.
പദ്ധതികൾ വേഗം അംഗീകരിച്ചാൽ ചെലവ് ചുരുക്കിയും നേട്ടങ്ങൾ പെരുപ്പിച്ചും കാട്ടാമെന്ന കൺസൾട്ടൻസികളുടെയും അവരുടെ കെണയിൽ വീഴുന്ന ഉദ്യോഗസ്ഥരുടെയും പതിവ് ശൈലിയാണിത്. പദ്ധതിയുടെ ഭൂമി ഏറ്റെടുക്കലിനുൾപ്പെടെ ചെലവുകൾ കണക്കാക്കിയത് യഥാർത്ഥ സ്ഥിതി കണക്കിലെടുത്തല്ല. ഭൂമിയേറ്റെടുക്കാൻ പുറംകരാറുകാരെ ഏൽപ്പിക്കുന്നത് വിചിത്രമാണെന്നും സുധീരൻ ചൂണ്ടിക്കാട്ടി.