തിരുവനന്തപുരം: മൂന്നു വട്ടമായി 25 മണിക്കൂർ മാരത്തോൺ ചോദ്യം ചെയ്യലിലൂടെ ശിവശങ്കറിൽ നിന്ന് എൻ.ഐ.എ ശേഖരിച്ച വിവരങ്ങൾ സി.ബി.ഐ അന്വേഷണത്തിന് വഴിതുറന്നേക്കും.
ഗുരുതര സ്വഭാവമുള്ള അഴിമതിയും അവിശുദ്ധ ഇടപാടും ഇതുവരെയുള്ള അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ പദ്ധതികൾക്ക് വിദേശ കൺസൾട്ടൻസി നൽകിയതിലടക്കമുള്ള ക്രമക്കേടുകൾ അഴിമതി വിരുദ്ധകുറ്റം ചുമത്തി അന്വേഷിക്കേണ്ടതാണ്. എൻ.ഐ.എയുടെ റിപ്പോർട്ട് പരിഗണിച്ച് കോടതിക്കോ കേന്ദ്ര സർക്കാരിനോ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടാനാവും.
എൻ.ഐ.എ ആക്ടിലെ സെക്ഷൻ 8 പ്രകാരം അന്വേഷണത്തിൽ കണ്ടെത്തുന്ന ഉപകുറ്റകൃത്യങ്ങളും അവർക്ക് അന്വേഷിക്കാം. പക്ഷേ, അഴിമതി അന്വേഷണം ഷെഡ്യൂളിൽ പെടില്ല. തീവ്രവാദം, മനുഷ്യക്കടത്ത്, കള്ളനോട്ട്, ആയുധ ഇടപാടുകൾ, സൈബർ തീവ്രവാദം, സ്ഫോടകവസ്തുക്കളുടെ ഉപയോഗവും കൈമാറ്റവും, വിദേശത്ത് ഇന്ത്യയ്ക്കും പൗരന്മാർക്കുമെതിരായ കുറ്റകൃത്യങ്ങൾ എന്നിവയാണ് എൻ.ഐ.എയ്ക്ക് അന്വേഷിക്കാവുന്നത്. അതേസമയം, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിക്കെതിരായ വധശ്രമം പോലുള്ള ചില കേസുകൾ ഹൈദരാബാദ് യൂണിറ്റ് അന്വേഷിക്കുന്നുമുണ്ട്.
യു.എ.ഇ കോൺസുലേറ്റിലുൾപ്പെടെ നിയമനത്തിലെ ശുപാർശകൾ, പ്രതികളുടെ ഉന്നത ബന്ധങ്ങൾ, അഴിമതി ഇടപാടുകൾ, അധികാരദുർവിനിയോഗം, വ്യാജരേഖാ നിർമ്മാണം, സർക്കാർ മുദ്രയുടെയും വാഹനങ്ങളുടെയും ദുരുപയോഗം, കോൺസൽ അറ്റാഷെയെ ദുരുപയോഗിച്ചുള്ള ഇടപാടുകൾ, പൊലീസ് ഉന്നതരുമായുള്ള പ്രതികളുടെ ബന്ധം ഇവയെല്ലാം കേന്ദ്ര ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്.
നിലവിൽ എൻ.ഐ.എ, കസ്റ്റംസ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവയാണ് സ്വർണക്കടത്ത് അന്വേഷിക്കുന്നത്. സ്വർണക്കടത്തിലെ ഭീകര ബന്ധമാണ് എൻ.ഐ.എയുടെ പ്രധാന അന്വേഷണവിഷയം. കള്ളക്കടത്ത് മാത്രമാണ് കസ്റ്റംസ് അന്വേഷിക്കുന്നത്. ബിനാമി, കള്ളപ്പണ ഇടപാടുകളേ എൻഫോഴ്സ്മെന്റിന് അന്വേഷിക്കാനാവൂ.
സംസ്ഥാനവുമായി ബന്ധപ്പെട്ട ഇടപാടുകൾ മൂന്ന് ഏജൻസികളും അന്വേഷിക്കുന്നില്ല. മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥൻ ഉൾപ്പെട്ട കേസിൽ, രാഷ്ട്രീയ ബന്ധങ്ങളെക്കുറിച്ചും ഏതൊക്കെ രീതിയിൽ യു.എ.ഇ കോൺസുലേറ്റിനെ ദുരുപയോഗം ചെയ്തെന്നു കണ്ടെത്താനും സി.ബി.ഐ അന്വേഷണത്തിന് കേന്ദ്ര സർക്കാരിന് തീരുമാനിക്കാനാവും.
സി.ബി.ഐ വരേണ്ട വഴി
സി.ബി.ഐക്ക് കേരളത്തിൽ കേസ് ഏറ്റെടുക്കാൻ സംസ്ഥാന സർക്കാരിന്റെ അനുമതി വേണം
സി.ബി.ഐക്ക് സ്വമേധയാ കേസെടുക്കാൻ അധികാരം കേന്ദ്രഭരണ പ്രദേശങ്ങളിൽ മാത്രം
സംസ്ഥാനത്ത് പ്രവർത്തിക്കുന്ന, കേന്ദ്ര ഉദ്യോഗസ്ഥൻ ഉൾപ്പെട്ട കേസെങ്കിൽ സംസ്ഥാനാനുമതി വേണ്ട
സുപ്രീംകോടതിക്കും ഹൈക്കോടതികൾക്കും കേസന്വേഷണം സി.ബി.ഐക്ക് കൈമാറാം
ഇവിടങ്ങളിൽ നോ എൻട്രി
പശ്ചിമബംഗാൾ, ത്രിപുര, ഛത്തീസ്ഗഡ് സംസ്ഥാനങ്ങൾ സി.ബി.ഐ അന്വേഷണത്തിന് അനുമതി നിഷേധിച്ചിട്ടുണ്ട്
എല്ലാ കേസിനും പ്രത്യേകം അനുമതി തേടിയിരിക്കണമെന്ന വ്യവസ്ഥയാണ് മിസോറമിന്റേത്