chenkal-temple

പാറശാല:കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രം ട്രസ്റ്റ് ജില്ലയിലെ ആരോഗ്യ പ്രവർത്തകർക്കായുള്ള സുരക്ഷാ ഉപകരണങ്ങളായ പി.പി.ഇ കിറ്റുകൾ, സാനിറ്റൈസർ, മാസ്ക് എന്നിവയുടെ വൻ ശേഖരം സർക്കാരിന് സംഭാവന ചെയ്‌തു. ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി സുരക്ഷാ ഉപകരണങ്ങൾ ജില്ലയുടെ ചുമതലയുള്ള മന്ത്രി കടകംപള്ളി സുരേന്ദ്രന് കൈമാറി. കൊവിഡ് എന്ന മഹാമാരിയെ ഇല്ലായ്മ ചെയ്യുന്നതിനായി ജനങ്ങൾ ഒന്നടങ്കം സുരക്ഷാ മാനദണ്ഡങ്ങളും സർക്കാർ നിർദ്ദേശിക്കുന്ന നിബന്ധനകളും കർശനമായി പാലിക്കേണ്ടതും ഒരേ മനസോടെ പ്രവർത്തിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു. അമ്പലങ്ങളും ആത്മീയ കേന്ദ്രങ്ങളും ആരാധനാലയങ്ങളും വിവിധ സംഘടനകളും നിരവധി സഹായങ്ങളുമായി സർക്കാരിനൊപ്പം ചേരുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രം ഇത്തരത്തിൽ കർമ്മപദ്ധതികളുമായി മുന്നോട്ട് വരുന്നതിൽ അങ്ങേയറ്റം സന്തോഷവും കൃതാർത്ഥതയുമുണ്ടെന്നും മന്ത്രി പറഞ്ഞു. മഹാമാരിയുടെ ആരംഭത്തിൽ ഒന്നാം ഘട്ടമായി കമ്മ്യൂണിറ്റി കിച്ചണുകൾക്ക് വേണ്ട പലവ്യഞ്ജനങ്ങളും പച്ചക്കറിയും നൽകിയതിന് പുറമെ രണ്ടും മൂന്നും ഘട്ടങ്ങളിലായി സുരക്ഷാ ഉദ്യോഗസ്ഥർക്ക് വേണ്ട കുടിവെള്ള പായ്ക്കറ്റുകൾ, ലഘു ഭക്ഷണങ്ങളും മാസ്കുകളും സാനിറ്റൈസർ, ഹാൻഡ് വാഷ് എന്നിവയും സംഭാവന ചെയ്തിരുന്നു. ഇത് നാലാം ഘട്ടമായി ജില്ലയിലെ ആരോഗ്യ പ്രവർത്തകർക്കുള്ള പി.പി.ഇ കിറ്റുകളും നൽകുന്നതോടൊപ്പം ഈ മഹാമാരിയെ ചെറുക്കുന്നതിനായി ക്ഷേത്രത്തിന്റെ ഭാഗത്ത് നിന്നുള്ള എല്ലാ സഹായങ്ങളും സർക്കാരിന് ഉണ്ടാകുമെന്ന് സ്വാമി മഹേശ്വരാനന്ദ സരസ്വതി പറഞ്ഞു. ക്ഷേത്ര മേൽശാന്തി കുമാർ മഹേശ്വരം,പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ.സലൂജ, ഓലത്താന്നി അനിൽ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.