techno-park-

തിരുവനന്തപുരം: സംസ്ഥാനത്തെ ഐ.ടി വിപ്ലവത്തിന് തുടക്കമിട്ട ടെക്നോപാർക്കിന് 30 വയസ്. 1990 ജൂലായ് 28നാണ് നിലവിൽ വന്നത്.രാജ്യത്തെ ആദ്യ ടെക്നോപാർക്കാണിത്. ഇതിനോടകം 450 കമ്പനികളിലേക്കും അവയിലെ 62,000 ജീവനക്കാരിലേക്കും വളർന്നു. വികസനം, അടിസ്ഥാന സൗകര്യം, മനുഷ്യശേഷി, പരിസ്ഥിതി സൗഹാർദ്ദം എന്നിവയിലൊന്നും ഇതുവരെ പിന്നാക്കം പോയിട്ടില്ലെന്ന് കേരള ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ ശശി പി.എം പറഞ്ഞു.

കൊവിഡ് കാലത്തിനുശേഷം ജോലി സ്ഥലങ്ങളുടെ കാര്യത്തിൽ മാറ്റങ്ങളുണ്ടാകാനുള്ള സാദ്ധ്യതകളുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് ടെക്നോപാർക്കിന് ആകാംക്ഷകളും പ്രതീക്ഷകളുമുണ്ട്. നിസാൻ ഡിജിറ്റൽ ഇന്ത്യ, ടെക് മഹീന്ദ്ര,ടെറാനെറ്റ്,വേ ഡോട്ട് കോം, എച്ച് ആൻഡ് ആർ ബ്ലോക്ക് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങൾ ടെക് നോപാർക്കിൽ സാന്നിദ്ധ്യമറിയിച്ചത് ഈ കാലഘട്ടത്തിലാണ്. 27.5 കോടി രൂപയുടെ നിക്ഷേപവും 1610 തൊഴിലവസരങ്ങളുമാണ് ഇവയിലൂടെ മാത്രം ലഭിച്ചത്. 2018 ഒക്ടോബർ 12ന് നിലവിൽ വന്ന ടെക്നോപാർക്ക് മൂന്നാംഘട്ടത്തിലെ നിർദ്ദിഷ്ട ടോറസ് ഡൗൺ ടൗൺ പ്രോജക്ടിൽ ഐ.ടി മേഖലയ്ക്കും വാണിജ്യ സ്ഥാപനങ്ങൾക്കുമായുള്ള നിർമ്മിത സ്ഥലം 57 ലക്ഷം ചതുരശ്ര അടിയാണ്. നേരിട്ട് കാൽലക്ഷം പേർക്കാണ് ഇതിലൂടെ തൊഴിൽ ലഭിക്കുക.