പാറശാല: കുളത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ബെൽസി ജയചന്ദ്രന്റെ ഫോൺ പിടിച്ചെടുത്തത് അന്വേഷണത്തിന്റെ ഭാഗമായിട്ടാണെന്നും കഴിഞ്ഞ ദിവസം ഉണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ടതല്ലെന്നും കെ. ആൻസലൻ എം.എൽ.എ അറിയിച്ചു. കഴിഞ്ഞ മാസം പ്രവാസികൾക്ക് ക്വാറന്റൈൻ സൗകര്യം ഒരുക്കുന്നതിൽ പഞ്ചായത്തിനുള്ള ബുദ്ധിമുട്ടുകൾ എം.എൽ.എയെ വിളിച്ചറിയിച്ച പ്രസിഡന്റ് പിന്നീട് ഫോൺ സംഭാഷണത്തിന്റെ കുറച്ചുഭാഗം മാത്രം സമൂഹ മാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതായും എം.എൽ.എ ആരോപിച്ചിരുന്നു. സംഭവത്തിനെതിരെ ഡി.ജി.പി ക്ക് നൽകിയ പരാതിയിന്മേൽ നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് പൊലീസ് ഫോൺ പിടിച്ചെടുത്തതെന്നാണ് എം.എൽ.എ അറിയിച്ചത്. ഒരു വനിത എന്ന നിലയിൽ മറ്റാരെങ്കിലും ഇവരെ കബളിപ്പിച്ചിട്ടുള്ളതാണെങ്കിൽ ശാസ്ത്രീയ നടപടികളുടെ അടിസ്ഥാനത്തിൽ നടപടി ഉണ്ടാകുമെന്നും അറിയിച്ചു.