തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ അന്തരീക്ഷച്ചുഴി രൂപം കൊണ്ടതിനെത്തുടർന്ന് സംസ്ഥാനത്ത് കാലവർഷം കനത്തു. ചൊവ്വാഴ്ച രാത്രി തുടങ്ങിയ മഴ ഇന്നലെ രാത്രിയും തുടരുകയാണ്. തിരുവനന്തപുരം, എറണാകുളം,ഇടുക്കി, കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട,തൃശൂർ എന്നീ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. പലയിടത്തും മണ്ണിടിച്ചിലുണ്ടായി. കോട്ടയത്ത് റെയിൽപാതയിൽ മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു. പാമ്പാടിയിൽ രക്ഷാ പ്രവർത്തനത്തിനിടെ ഫയർമാന് പാമ്പുകടിയേറ്റു. 45 മി.മി മഴയാണ് സംസ്ഥാനത്ത് ഇന്നലെ ലഭിച്ചത്.തെക്കൻ കേരളത്തിലും മദ്ധ്യകേരളത്തിലുമാണ് ശക്തമായ മഴ പെയ്തത്. അതേസമയം വടക്കൻ മേഖലകളിൽ കാര്യമായ മഴയില്ലായിരുന്നു.
തെക്കുപടിഞ്ഞാറൻ കാലവർഷം തുടങ്ങിയതിന് ശേഷം ഇത്തവണ ഇതാദ്യമായാണ് തലസ്ഥാനത്ത് കനത്ത മഴ ലഭിക്കുന്നത്. അരുവിക്കര ഡാമിന്റെ മൂന്ന് ഷട്ടറുകൾ ഇന്നലെ 30 സെന്റിമീറ്റർ ഉയർത്തി. നഗരത്തിൽ പലയിടത്തും വെള്ളക്കെട്ടുണ്ട്. വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നതിനാൽ നദികളുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ഗ്രാമപ്രദേശങ്ങളിൽ ആറുകൾ കരകവിഞ്ഞ് ഒഴുകുകയാണ്. പലയിടത്തും റോഡുകൾ വെള്ളത്തിനടിയിലാണ്.
കൊച്ചിയിൽ പള്ളുരുത്തി, തോപ്പുംപടി, കെ.എസ്.ആർ.ടി.സി ബസ് സ്‌റ്റാൻഡ് എന്നിവിടങ്ങളിലടക്കം വെള്ളം കയറി. പലയിടത്തും ഗതാഗതവും തടസപ്പെട്ടു. ഇടപ്പള്ളി വട്ടേക്കുന്നത്ത് റോഡ് തകർന്ന് വാഹനങ്ങൾ താഴേക്ക് പതിച്ചു. ഉദയ കോളനി, പി.ആൻഡ്.ടി കോളനി കമ്മട്ടിപ്പാടം, പെരുമ്പടപ്പ്, മരട് പ്രദേശങ്ങളിലെ വീടുകളിലും വെള്ളം കയറി. പലയിടത്തു നിന്നും ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാർപ്പിച്ചു.
കോട്ടയത്ത് മീനച്ചിൽ ആറ്റിൽ ജലനിരപ്പ് ഉയരാൻ സാദ്ധ്യതയുള്ളതിനാൽ ജാഗ്രാതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കൺട്രോൾ റൂമും തുടങ്ങി.മുട്ടമ്പലം, ഗാന്ധിനഗർ എന്നിവിടങ്ങളിലാണ് ട്രാക്കിലേയ്ക്ക് മണ്ണിടിഞ്ഞത്. തിരുവനന്തപുരം-എറണാകുളം സ്പെഷ്യൽ ട്രെയിൻ ചങ്ങനാശേരിയിൽ സർവീസ് അവസാനിപ്പിച്ചു. വെള്ളൂർ തേരോത്തുപടിയിൽ വെള്ളംകയറിയ വീടുകളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെയാണ് പാമ്പാടി യൂണിറ്റിലെ ഫയർമാൻ തിരുവനന്തപുരം സ്വദേശി സന്ദീപിനെ പാമ്പുകടിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണിദ്ദേഹം.പത്തനംതിട്ടയിൽ മണിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തിയേക്കും. കക്കിട്ടാറിന്റേയും പമ്പയാറിന്റേയും തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണം.
വടക്കൻ കേരളത്തിൽ ഇന്ന് മഴ ശക്തി പ്രാപിക്കുമെന്നാണ് റിപ്പോർട്ട്.
രണ്ട് ദിവസം കൂടി ശക്തമായ
മഴ: അഞ്ചിടത്ത് ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്ക്-കിഴക്ക് ബംഗാളിൽ രൂപപ്പെട്ട അന്തരീക്ഷ ചുഴലിക്കാറ്റ് കാരണമാണ് മഴ ലഭിക്കുന്നത്. കാലവർഷത്തിലുണ്ടാകാറുള്ള സാധാരണ അന്തരീക്ഷ ചുഴലിയായ ഇത് ശക്തി പ്രാപിക്കില്ലെന്നാണ് കാലാവസ്ഥ വിദ്ധഗ്ദ്ധർ പറയുന്നത്. അന്തരീക്ഷ ചുഴികൾ ശക്തിപ്രാപിച്ച് അതിതീവ്ര ന്യൂനമർദ്ദമാകുമ്പോഴാണ് അതിശക്ത മഴ ലഭിക്കുന്നത്.
അഞ്ചിടത്ത് ഓറഞ്ച് അലർട്ട്
ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ചും, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയുണ്ടായേക്കാം. 24 മണിക്കൂറിൽ 115.6 മുതൽ 204.4 മി.മീ വരെ മഴ ലഭിക്കും.