തിരുവനന്തപുരം: റേഷൻ കടകളിലൂടെ വിതരണം ചെയ്യേണ്ട അരി കടത്തുന്നതിനെക്കുറിച്ചും അരിയും ഗോതമ്പും നശിപ്പിക്കാൻ ശ്രമിക്കുന്നതിനെക്കുറിച്ചും 'കേരളകൗമുദി' പ്രസിദ്ധീകരിച്ച വാർത്തകളുടെ അടിസ്ഥാനത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു.
ജൂൺ 23ന് പ്രസിദ്ധീകരിച്ച 'മറിച്ചുവില്പന മറയാക്കാൻ തിരിമറി: 1892 ടൺ റേഷനരി നശിപ്പിക്കാൻ നീക്കം'. ജൂലായ് 27ന് പ്രസിദ്ധീകരിച്ച 'സപ്ലൈകോ:സ്വകാര്യമില്ലുകൾ വെട്ടിച്ചത് 1.5 ലക്ഷം ടൺ മട്ടഅരി' എന്നീ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമനിക് കേസെടുത്തത്.
സിവിൽ സപ്ലൈസ് കമ്മിഷണർ നാലാഴ്ചയ്ക്കകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടത്. സ്വകാര്യ മില്ലുകളിൽ നിന്ന് അരി സ്വീകരിക്കുന്നതിനുമുമ്പ് ഉദ്യോഗസ്ഥ തലത്തിൽ പരിശോധന നടത്തണമെന്ന വ്യവസ്ഥ ലംഘിക്കപ്പെടുന്നതിനെക്കുറിച്ചും കമ്മിഷണർ അന്വേഷിക്കണമെന്ന് ഉത്തരവിൽ പറയുന്നു.
റേഷൻ കടകളിലൂടെ വിതരണംചെയ്യാൻ സംസ്ഥാനത്തെ വിവിധ ഗോഡൗണുകളിൽ (എൻ.എഫ്.എസ്.എ) സംഭരിച്ചിരുന്ന 1892 ടൺ അരിയും 627.91 ടൺ ഗോതമ്പും കേടായതായി സപ്ളൈകോ റിപ്പോർട്ട് നൽകിയെന്ന വിവരവും അതിന്റെ മറവിൽ നടക്കാനിടയുള്ള തട്ടിപ്പുമാണ് ജൂൺ 23ന് പ്രസിദ്ധീകരിച്ചത്.
സിവിൽ സപ്ളൈസ് കോർപറേഷനു കൈമാറേണ്ട നാടൻ മട്ട അരിയിൽ സംസ്ഥാനത്തെ ചില സ്വകാര്യ മില്ലുടമകൾ 1.5 ലക്ഷം ടണ്ണിന്റെ വെട്ടിപ്പ് നടത്തിയതായി ഭക്ഷ്യവകുപ്പിന് വിവരം ലഭിച്ചതിനെ കുറിച്ചുള്ളതാണ് 27ന് പ്രസിദ്ധീകരിച്ച റിപ്പോർട്ട്.