home

ബാലരാമപുരം: ഡി.വൈ.എഫ്.ഐ നേതാവിന്റെ വിവാഹ സത്കാരത്തിൽ പങ്കെടുത്ത ബന്ധുവിന് കൊവിഡ് പോസിറ്റീവായതോടെ ചടങ്ങിൽ പങ്കെടുത്ത അറുന്നൂറോളം പേർ ഹോം ക്വാറന്റൈനിലായി. കഴിഞ്ഞ 23 ന് ബാലരാമപുരം കൽപ്പടിയിൽ ആഡിറ്റോറിയത്തിലാണ് വിവാഹസത്കാരം നടന്നത്. കൊവിഡ് പ്രോട്ടോക്കോൾ പൂർണമായി പാലിക്കാമെന്ന് വീട്ടുകാർ ആരോഗ്യവകുപ്പ് അധികൃതർക്കും പൊലീസിനും നൽകിയ ഉറപ്പിൻമേലാണ് ചടങ്ങ് നടന്നത്. സർക്കാർ മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അല്ലാത്തപക്ഷം നിയമനടപടി നേരിടേണ്ടി വരുമെന്നും ബാലരാമപുരം സി.ഐ നേരിട്ട് വരനെ വിളിച്ച് അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം ചാമവിള വാർഡിലെ ബന്ധുവിന് കൊവിഡ് ഫലം പോസിറ്റീവായതോടെ കല്യാണത്തിൽ പങ്കെടുത്ത എം.എൽ.എ ഉൾപ്പെടെയുള്ള ജനപ്രതിനിധികളെല്ലാം വീടുകളിൽ കഴിയേണ്ട അവസ്ഥയായി. കല്യാണത്തിൽ സംബന്ധിച്ചവരുടെ വിവരങ്ങൾ അടിയന്തരമായി നൽകണമെന്ന് മെഡിക്കൽ ഓഫീസർ ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിർദ്ദേശം പാടെ സ്വീകരിച്ച് ഒരു വിഭാഗം സി.പി.എം പ്രവർത്തകർ വിവാഹ സത്കാരത്തിൽ നിന്നു വിട്ടുനിന്നു. ഇതര പാർട്ടിയിലുള്ള പ്രവർത്തകരും വിവാഹവിരുന്നിൽ പങ്കുചേർന്നു. ബാലരാമപുരം പൊലീസ് സ്റ്രേഷൻ പരിധിയിൽ ഒരാഴ്ചയ്ക്കിടെ 15 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.