sivasankar

തിരുവനന്തപുരം: ഐ.ടി സെക്രട്ടറിയെന്ന നിലയിൽ എം.ശിവശങ്കർ നടത്തിയ വിദേശയാത്രകൾ എൻ.ഐ.എയും കസ്റ്റംസും സൂക്ഷ്‌മമായി പരിശോധിക്കുന്നു. എൻ.ഐ.എയുടെ ചോദ്യംചെയ്യലിൽ വിദേശയാത്രകളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് അവ്യക്തമായ മറുപടിയാണു ശിവശങ്കർ നൽകിയത്. ഐ.ടി കമ്പനികളെ കേരളത്തിലേക്ക് ആകർഷിക്കാനായി നിരവധി യാത്രകളാണ് ശിവശങ്കർ നടത്തിയിട്ടുള്ളത്. ഇതിൽ രണ്ടെണ്ണം സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാത്തതാണെന്ന് സൂചനയുണ്ട്. ഗൾഫിലേക്കുള്ള ഒരു യാത്രയിൽ സ്വപ്നയുമൊപ്പമുണ്ടായിരുന്നതായും ഇവർ തിരികെ കൊച്ചിയിലാണ് ഇറങ്ങിയതെന്നും വിവരമുണ്ട്. ഇക്കാര്യം കണ്ടെത്താൻ അദ്ദേഹം യാത്ര ചെയ്ത വിമാനങ്ങളിലെ യാത്രക്കാരുടെ പട്ടിക ശേഖരിക്കും. ഒരു വർഷത്തിനിടെ ശിവശങ്കർ നടത്തിയ ഔദ്യോഗിക, സ്വകാര്യ യാത്രകളുടെ വിശദാംശങ്ങളാണ് എൻ.ഐ.എ പരിശോധിക്കുന്നത്. യു.എ.ഇയിലെ ഇന്ത്യൻ എംബസിയിലുള്ള ഐബി, റാ ഉദ്യോഗസ്ഥരുടെ സേവനം എൻ.ഐ.എ തേടിയിട്ടുണ്ട്. സ്വർണക്കടത്തിലെ മുഖ്യപ്രതികളായ മുവാ​റ്റുപുഴ സ്വദേശി റബിൻസ്, കൊടുങ്ങല്ലൂർ സ്വദേശി ഫൈസൽ ഫരീദ് എന്നിവർ യു.എ.ഇയിലാണുള്ളത്. ഐ.എ.എസ് ഉദ്യോഗസ്ഥരിൽ ഏ​റ്റവും അധികം വിദേശയാത്ര നടത്തിയത് ശിവശങ്കറാണ്. ശിവശങ്കറിനൊപ്പം വിദേശയാത്രകൾ നടത്തിയിട്ടുള്ള മുഖ്യമന്ത്രിയുടെ മുൻ ഐടി ഫെലോ അരുൺ ബാലചന്ദ്രന്റെ ഇടപാടുകളെക്കുറിച്ചും അന്വേഷണമുണ്ട്.