ldf

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ ഇരുപത്തിയഞ്ച് മണിക്കൂർ നീണ്ട എൻ.ഐ.എയുടെ ചോദ്യം ചെയ്യലിലും മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി എം. ശിവശങ്കറിന്റെ അറസ്റ്റ് സംഭവിക്കാതിരുന്നതിൽ സർക്കാരിന് തൽക്കാലത്തേക്കെങ്കിലും ആശ്വസിക്കാം.

ശിവശങ്കറിനെ അറസ്റ്റ് ചെയ്‌താൽ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുമ്പുള്ള ഏറ്റവും മൂർച്ചയുള്ള ആയുധമാകുമെന്ന് പ്രതീക്ഷിച്ച പ്രതിപക്ഷത്തിന് നിരാശയുമായി. പ്രതിപക്ഷത്തിന്റെ മൂർച്ച ഇനി കുറയുമെന്ന് സി.പി.എമ്മും ഇടതുനേതൃത്വവും വിലയിരുത്തുന്നു.

എങ്കിലും കരുതലോടെയാകും സർക്കാരും സി.പി.എമ്മും നീങ്ങുക. സർക്കാരിന് ഒന്നും ഒളിക്കാനില്ലെന്ന് സ്ഥാപിക്കാനാണ് ശ്രമം. സി.സി ടി.വി ദൃശ്യങ്ങൾ നൽകുന്നതിൽ വിമുഖത കാട്ടാതിരുന്നതിലും അത് വ്യക്തമാകുന്നുണ്ട്. മുഖ്യപ്രതി സ്വപ്ന സുരേഷിനെ ഐ.ടി വകുപ്പിന്റെ പ്രോജക്ടിൽ നിന്ന് പുറത്താക്കിയതും ശിവശങ്കറിനെ പദവികളിൽ നിന്ന് മാറ്റിയതും, ചീഫ്സെക്രട്ടറിയുടെ സമിതിയെക്കൊണ്ട് അന്വേഷണം നടത്തി സസ്പെൻഡ് ചെയ്തതും സ്വപ്നയുടെ നിയമനത്തിൽ സംശയനിഴലിലായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പറിനെതിരായ നടപടികളുമെല്ലാം സർക്കാരിന്റെ സുതാര്യമായ ഇടപെടലിന് ഉദാഹരണങ്ങളാണെന്ന് സി.പി.എം വാദിക്കുന്നു. രാഷ്ട്രീയ വിശദീകരണത്തിലൂടെ സമൂഹത്തെ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്താനും സി.പി.എം തീരുമാനിച്ച സ്ഥിതിക്ക് ഇപ്പോഴത്തേത് ആശ്വാസത്തിന്റെ ഇടവേളയാണ്. കുറ്റവിമുക്തനായാലും ശിവശങ്കർ ഇനി മുഖ്യമന്ത്രിയുടെ വിശ്വസ്തവലയത്തിലേക്ക് തിരിച്ചുവരില്ലെന്നുറപ്പാണ്. എൻ.ഐ.എ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റാരിലെങ്കിലും എത്തിയാൽ അവരെയും പുറത്താക്കി സുതാര്യത വെളിപ്പെടുത്താൻ തന്നെയാണ് തീരുമാനം.

ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാൻ എൻ.ഐ.എ വിളിച്ചേക്കാം. അദ്ദേഹത്തെ മാപ്പുസാക്ഷിയാക്കാനും സാദ്ധ്യതയുണ്ട്. സ്വപ്നയുടെ നിയമനത്തിൽ പങ്കുണ്ടെന്ന് തെളിഞ്ഞതിനാൽ ശിവശങ്കർ അഴിമതിക്കേസിൽ കുരുങ്ങാനും മതി. ഇത് എൻ.ഐ.എ അന്വേഷണത്തിന്റെ പരിധിക്ക് പുറത്തായതിനാലാണ് സി.ബി.ഐ അന്വേഷണത്തിനും പ്രതിപക്ഷം ആവശ്യപ്പെടുന്നത്.

എൻ.ഐ.എ മനസ് തുറക്കാത്തിടത്തോളം ആകാംക്ഷ തുടരുകയാണ്. ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാമെന്നതിനാൽ പ്രത്യേകിച്ചും. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്ന പ്രതിപക്ഷം സി.ബി.ഐ അന്വേഷണ ആവശ്യം കടുപ്പിച്ചേക്കും. അഴിമതിക്കേസിൽ ശിവശങ്കറിനെ കുരുക്കാൻ പറ്റിയ ആയുധമെന്ന നിലയിൽ സി. ബി. ഐ വന്നാൽ പ്രതിപക്ഷത്തിന് തിരഞ്ഞെടുപ്പുകാലത്ത് സുവർണാവസരമായിരിക്കും.

ഐ. ടി വകുപ്പിൽ മുഖ്യമന്ത്രി അറിയാതെ അഴിമതിനിയമനങ്ങൾ നടന്നെന്ന ആരോപണത്തിന് മറുപടി നൽകുക സി.പി.എമ്മിന് വെല്ലുവിളിയാണ്. സ്‌പ്രിൻക്ലർ വിവാദമുണ്ടായപ്പോഴേ ശിവശങ്കറിനെ നീക്കാമായിരുന്നില്ലേയെന്ന സി.പി.ഐയുടെ ചോദ്യവും അപ്പോൾ കനമുള്ളതാകും.