തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ കൊവിഡ് ബാധ വിലയിരുത്തി മൂന്നാഴ്ചയായി തുടരുന്ന ലോക്ക് ഡൗണിൽ ഇളവ് വേണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ചുമതലപ്പെടുത്തിയ ചീഫ് സെക്രട്ടറിക്ക് വീഴ്ചയുണ്ടായെന്ന് ആക്ഷേപം. ലോക്ക് ഡൗൺ കാലാവധി പൂർത്തിയായ 28ന് അർദ്ധരാത്രിയാണ് അത് നീട്ടിയുള്ള ഉത്തരവ് പുറത്തിറങ്ങിയത്. തിരക്കുപിടിച്ച് തയ്യാറാക്കിയ ഉത്തരവിൽ നിറയെ ആശയക്കുഴപ്പങ്ങളും പിഴവുകളും കടന്നുകൂടി. ലോക്ക് ഡൗൺ നീട്ടിയെങ്കിലും എത്രനാളത്തേക്കാണ് നീട്ടുന്നതെന്ന് ഉത്തരവിലില്ല. പൊതുഗതാഗതം തുറന്നുകൊടുക്കുമെന്ന് പറയുന്നുണ്ടെങ്കിലും ബസ് സർവീസിനെക്കുറിച്ച് പരാമർശമില്ല. ഇങ്ങനെ പോകുന്നു അവ്യക്തതകൾ.കോർപറേഷൻ പരിധിയിൽ ലോക്ക് ഡൗൺ അവസാനിച്ച 28 ന് രാത്രി 11 മണിയോടെയാണ് ഉത്തരവ് പുറത്തിറങ്ങിയത്.അന്ന് ലോക്ക് ഡൗൺ കാലാവധി അവസാനിക്കുമെന്നിരിക്കെ നേരത്തെ യോഗം ചേർന്ന് തുടർനടപടികളിൽ വ്യക്തത വരുത്താത്തതാണ് ആശയക്കുഴപ്പത്തിന് കാരണമായത്. ഇത് സംബന്ധിച്ച് ചർച്ചചെയ്യാനുള്ള യോഗം ചീഫ് സെക്രട്ടറിയുടെ അസൗകര്യം കാരണം നടക്കാതെ നീണ്ടുപോകുകയായിരുന്നു. ലോക്ക്ഡൗൺ അവസാനിച്ച 28 ന് വൈകിട്ട് നാലുമണിക്ക് യോഗം ചേരാൻ തീരുമാനിച്ചിരുന്നതും നടന്നില്ല. 6 ന് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിനുശേഷം ഏഴരയോടെയാണ് യോഗം ചേർന്നത്.ജില്ലയിലെ ഗുരുതര സ്ഥിതിവിശേഷം ചർച്ചചെയ്തവസാനിച്ചപ്പോൾ രാത്രി 10 മണിയോടടുത്തായി. ലോക്ക് ഡൗൺ നീട്ടാൻ ധൃതിപിടിച്ച് തീരുമാനമെടുത്തെങ്കിലും ചില കാര്യങ്ങളിൽ അവ്യക്ത കടന്നുകൂടി. ഉത്തരവിന്റെ ഡ്രാഫ്റ്റ് തയ്യാറാക്കി തെറ്റുതിരുത്തി പുറത്തിറക്കാൻ പിന്നെയും സമയം വേണ്ടിവന്നു.അതേസമയം തീരദേശ മേഖലയിലെ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകളിൽ അടുത്തമാസം 6 വരെ സമ്പൂർണ ലോക്ക് ഡൗൺ നീട്ടിയതായി ഉത്തരവിലുണ്ട്. ഉത്തരവിറങ്ങി രണ്ടാം ദിവസവും അവ്യക്തത നീക്കിയിട്ടില്ല.