corona

നെടുമങ്ങാട് :നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ പവർ ലൌണ്ടറി ഓപ്പറേറ്ററിനും രണ്ടു പൊലീസുകാർക്കും ഉൾപ്പടെ നെടുമങ്ങാട്ട് ഇന്നലെ 6 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.പൊലീസുകാരിൽ ഒരാൾ പത്തനംതിട്ട സ്റ്റേഷനിലെ ഡ്യുട്ടി കഴിഞ്ഞ് വീട്ടിൽ നിരീക്ഷണത്തിലായിരുന്നു.നഗരസഭ കാര്യാലയത്തിനു പിറകുവശം മേലാങ്കോട് സ്വദേശികളായ ദമ്പതികളും നെടുമങ്ങാട് മാർക്കറ്റിലെ മുട്ട വ്യാപാരിയായ 55 കാരനുമാണ് പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്ത മറ്റു മൂന്നുപേർ.ഒരാളൊഴികെ ഹോം ക്വറന്റൈനിലായിരുന്നുവെന്നും റാപ്പിഡ് ടെസ്റ്റ് നടത്തിയതിൽ സമ്പർക്ക സാദ്ധ്യത പ്രകടമായിട്ടില്ലെന്നും നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ വ്യക്തമാക്കി.നിലവിലെ സാഹചര്യത്തിൽ നെടുമങ്ങാട് മാർക്കറ്റ് നാളെ മുതൽ ഏഴു ദിവസത്തേയ്ക്ക് അടച്ചിടുമെന്ന് നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ഹരികേശൻ നായരും, ജില്ലാ ആശുപത്രിയിലെ പവർ ലൗണ്ടറി ഓപ്പറേറ്റർക്ക് മറ്റു ജീവനക്കാരുമായോ, രോഗികളുമായോ സമ്പർക്കം ഉണ്ടായിട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ട് ശില്പ തോമസും അറിയിച്ചു. പവർ ലൌണ്ടറി ഓപ്പറേറ്ററും പൊലീസുകാരിൽ ഒരാളും ആനാട് സ്വദേശികളാണ്.ഈ സാഹചര്യം മുൻനിറുത്തി ഇന്ന് രാവിലെ 10 ന് പ്രൈമറി കോൺടാക്ടിൽ ഉൾപ്പെട്ടവരുടെ റാപ്പിഡ് ടെസ്റ്റ് നടത്തുന്നതിനുള്ള സജീകരണങ്ങൾ ഒരുക്കിയതായി ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് അറിയിച്ചു.ആനാട് പാറയ്ക്കൽ മണ്ഡപം ക്ഷേത്രം ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ടെസ്റ്റ് കഴിയുന്നതുവരെ അടച്ചിടുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.