പാറശാല: കേരളത്തിൽ പൊലീസ് ഉദ്യോഗസ്ഥരിലും കൊവിഡ് രോഗികളുടെ എണ്ണം പ്രതിദിനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പൊലീസ് സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥന്മാർക്ക് കൊവിഡ് പരിശോധന ഭാഗമായി ആന്റിബോഡി ടെസ്റ്റ് നടത്താൻ തീരുമാനിച്ചു. എച്ച്.എൽ ലൈഫ് കെയറിന്റെ ലബോറട്ടറി സൗകര്യം പ്രയോജനപ്പെടുത്തി കേരള പൊലീസ് ഹൗസിംഗ് സഹകരണ സംഘവും കേരള പൊലീസ് വെൽഫെയർ ബ്യൂറോയും സംയുക്തമായി സംഘടിപ്പിച്ചിട്ടുള്ള പരിശോധനയുടെ ചെലവ് സംഘടനകൾ തുല്യമായി വഹിക്കുന്നതാണ്. ബുധനാഴ്ച ജില്ലയിൽ തുടക്കം കുറിക്കുന്ന പരിപാടി വ്യാഴാഴ്ച മുതൽ എല്ലാ ജില്ലകളിലും ആരംഭിക്കുന്നതാണ്. ആറ് മാസത്തേക്ക് ഈ ടെസ്റ്റിംഗ് രീതി തുടരാനാണ് തീരുമാനം. ഓരോ ജില്ലയിലും ഓരോ കേന്ദ്രങ്ങൾ ഉണ്ടാകുന്നതാണ്. ടെസ്റ്റ് ആവശ്യമായി ഉള്ളവർ ഓരോ ജില്ലയിലും ഇതിനായി രൂപീകരിച്ചിട്ടുള്ള കമ്മിറ്റിയുടെ അംഗങ്ങളുമായി ബന്ധപ്പെടണം.