തൃശൂർ:പട്ടികജാതിയിൽപ്പെട്ട യുവതിയെ ബലാൽസംഗം ചെയ്ത കേസിൽ യുവാവിനെ ജീവപര്യന്തം കഠിനതടവിനും, 3 ലക്ഷം രൂപ പിഴയടയ്ക്കുന്നതിനും, 12 വർഷം കഠിനതടവിനും ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഡി. അജിത്കുമാർ ശിക്ഷ വിധിച്ചു
നോർത്ത് പറവൂർ പാലാത്തുരുത്ത് കളത്തിപറമ്പിൽ ചിഞ്ചു ഖാനെ(34) ആണ് ശിക്ഷിച്ചത്. 2011 മുതൽ 2013 വരെയുള്ള കാലയളവിലാണ് കേസിനാസ്പമായ സംഭവം.മിസ്ഡ് കോൾ വഴിയാണ് പ്രതി യുവതിയെ പരിചയപ്പെട്ടത്. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി അംഗപരിമിത കൂടിയായ യുവതിയെ വീട്ടിൽ ആരുമില്ലാത്ത സമയത്ത് പലതവണ ബലാൽസംഗം ചെയ്യുകയായിരുന്നു. വിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനു പുറമെ യുവതിയിൽ നിന്ന് 50,000 രൂപയും അരപ്പവൻ വീതമുള്ള 2 ജോഡി സ്വർണ്ണക്കമ്മലുകളും പലതവണകളായി വഞ്ചിച്ച് കൈവശപ്പെടുത്തുകയും ചെയ്തു. ദരിദ്ര കുടുംബാംഗമായ യുവതി കൂലിവേല ചെയ്താണ് ജീവിച്ചിരുന്നത്. പുലയസമുദായംഗമാണെന്നും വികലാംഗയാണെന്നും യുവതി പ്രതിയോട് പറഞ്ഞിരുന്നു.യഥാർത്ഥ പേരും, വിലാസവും, താൻ വിവാഹിതനാണെന്നും, കുട്ടികളുടെ പിതാവാണെന്നുമുള്ള വിവരം പ്രതി മറച്ചു വച്ചിരുന്നു. ബലാൽസംഗത്തെത്തുടർന്ന് ഗർഭിണിയായ യുവതി ഒരു കുഞ്ഞിനെ പ്രസവിച്ചു. തുടർന്ന് 6 മാസം പ്രായമുള്ളപ്പോൾ കുട്ടി മരിച്ചു. പ്രതി മനഃപ്പൂർവ്വം യുവതിയോട് ചതിയും വിശ്വാസവഞ്ചനയും ചെയ്തുവെന്നും, ഭാര്യയും കുട്ടികളുമുള്ള വിവരം മറച്ചുവച്ചാണ് യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചതെന്നുമുള്ള വസ്തുത തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി കണ്ടെത്തുകയാണുണ്ടായത്.
പട്ടികജാതിയിൽപ്പെട്ട യുവതിക്കെതിരായി 10 വർഷത്തിലും അതിലധികവും ശിക്ഷയുള്ള കുറ്റകൃത്യം ചെയ്തതായി കോടതി കണ്ടെത്തിയതിനെത്തുടർന്നാണ് പട്ടികജാതി- വർഗക്കാർക്കെതിരായുള്ള അതിക്രമം തടയുന്ന നിയമപ്രകാരം ജീവപര്യന്തം കഠിനതടവിന് പ്രതിയെ ശിക്ഷിച്ചത്. പട്ടികജാതികാർക്കെതിരായ പീഡനകേസിൽ അപൂർവ്വമായാണ് ഇത്തരത്തിൽ ജീവപര്യന്തം ശിക്ഷ ഉണ്ടാകാറുള്ളത്. വിവിധ വകുപ്പുകളിലായാണ് ജീവപര്യന്തം കഠിനതടവിനും , കൂടാതെ 12 വർഷം കഠിനതടവിനും 3.22 ലക്ഷം രൂപ പിഴയടക്കുന്നതിനും വിധിച്ചത്. പിഴത്തുക ഇരയായ യുവതിക്ക് നൽകണമെന്നും വിധിയിൽ പറഞ്ഞിട്ടുണ്ട്. പിഴസംഖ്യ അടയ്ക്കാത്ത പക്ഷം 6 മാസം കൂടുതലായി തടവ് അനുഭവിക്കേണ്ടി വരും. കേസിൽ പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ കെ.ഡി. ബാബു ഹാജരായി.