പത്തനംതിട്ട: ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ കസ്റ്റഡിയിലെടുത്ത പന്നി ഫാം ഉടമയായ ടി.ടി മത്തായിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ട സംഭവത്തിൽ ദുരൂഹതകൾ ഒഴിയുന്നില്ല. മത്തായിയെ തെളിവെടുപ്പിന് എത്തിച്ച ചൊവ്വാഴ്ച രാത്രിയിൽ കുടപ്പനയിലെ കുടുംബ വീട്ടിലെ കിണറ്റിലാണ് മൃതദേഹം കണ്ടത്.
മത്തായിയെ വനപാലകർ എന്തിന് കസ്റ്റഡിയിലെടുത്തുവെന്നതിന് വ്യക്തതയില്ല. പന്നിയുടെ അവശിഷ്ടം വനത്തിൽ തള്ളിയതിന് കസ്റ്റഡിയിലെടുത്തുവെന്നാണ് വനപാലകർ പറഞ്ഞതെന്ന് ഭാര്യ ഷീബയും ബന്ധുക്കളും ആരോപിക്കുന്നു. അതേസമയം വനത്തിനുള്ളിൽ സ്ഥാപിച്ച കാമറ നശിപ്പിച്ച് മെമ്മറി കാർഡ് എടുത്തുകൊണ്ടുപോയതിനാണ് കസ്റ്റഡിയിലെടുത്തതെന്ന് വടശേരിക്കര റേഞ്ച് ഒാഫീസർ വേണു പറയുന്നു.
മത്തായിക്കെതിരെ പ്രഥമ വിവര റിപ്പോർട്ടും ഒഫൻസ് രജിസ്റ്ററും തയ്യാറാക്കാതെയാണ് കസ്റ്റഡിയിലെടുത്തതെന്ന് ആക്ഷേപമുണ്ട്. രണ്ട് ദിവസം മുമ്പാണ് കാമറ മോഷണം പോയതെന്ന് വനപാലകർ പറഞ്ഞു. എന്നാൽ, കേസെടുത്തത് മത്തായിയെ തെളിവെടുപ്പിന് കുടപ്പനയിലെ വീട്ടിലെത്തിച്ച ചൊവ്വാഴ്ചയാണ്. രാത്രിയിൽ തെളിവെടുപ്പിന് കൊണ്ടുവന്നതിലും നാട്ടുകാർക്ക് സംശയമുണ്ട്. അഞ്ചടിയോളം ആൾമറയുള്ള കിണറ്റിലേക്ക് ഒപ്പമുണ്ടായിരുന്ന ഏഴ് വനപാലകരുടെ കണ്ണുവെട്ടിച്ച് മത്തായി ചാടിയെന്ന വാദം ബന്ധുക്കളും നാട്ടുകാരും വിശ്വസിക്കുന്നില്ല.
@ ഉത്തരം തേടുന്ന ചോദ്യങ്ങൾ
1. കുടപ്പന ഭാഗത്ത് വനത്തിൽ സ്ഥാപിച്ചിട്ടുള്ളത് സെൻസറുള്ള വലിയ ക്യാമറയാണ്. ഇരുമ്പുചട്ടക്കുള്ളിലാക്കി ചങ്ങലകൊണ്ട് കെട്ടിവച്ചിട്ടുള്ള കാമറ മോഷ്ടിച്ച് മെമ്മറി കാർഡ് എടുത്തുകൊണ്ടുപോയി എന്ന വാദം വിശ്വസനീയമല്ല.
2. കാമറ എടുത്തുകൊണ്ടുപോയാൽ വനംവകുപ്പ് രണ്ട് കേസും പൊലീസ് ഒരു കേസുമാണ് രജിസ്റ്റർ ചെയ്യേണ്ടത്. വനത്തിൽ അതിക്രമിച്ചു കയറിയതിനും വസ്തുവകകൾ നശിപ്പിച്ചതിനുമാണ് വനം വകുപ്പ് കേസെടുക്കുന്നത്. മോഷണക്കുറ്റത്തിന് പൊലീസും കേസെടുക്കും. എന്നാൽ, മത്തായിയെ കസ്റ്റഡിയിലെടുക്കുമ്പോൾ ഒരു കേസു പോലും രജിസ്റ്റർ ചെയ്തിരുന്നില്ല.
3. തെളിവെടുപ്പിന് മത്തായിയെ എത്തിച്ചപ്പോൾ കിണറ്റിൽ വീണതിനെ തുടർന്ന്, കേസുമായി ബന്ധമില്ലാത്ത ഗുരുനാഥൻമണ്ണ് ഫോറസ്റ്റ് സ്റ്റേഷനിലെ രണ്ട് വനപാലകർ സിവിൽ വേഷത്തിൽ അവിടെ നിന്ന് പോയെന്ന് നാട്ടുകാർ ആരോപിക്കുന്നു.
4. ഗുരുനാഥൻമണ്ണ് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ മൃഗവേട്ടയുമായി മത്തായിക്ക് ബന്ധമുണ്ടെന്നും ഇക്കാര്യത്തിൽ ചില വനപാലകരുമായി തർക്കമുണ്ടായിട്ടുണ്ടെന്നും പരിസരവാസികൾ പറയുന്നുണ്ട്. മൃഗവേട്ടയ്ക്ക് ഒത്താശ ചെയ്ത വനപാലകർ അടുത്തിടെ സസ്പെൻഷനിലായിരുന്നു.
കിണറ്റിൽ ചാടിയതെന്ന് വനംവകുപ്പ്
മത്തായി അനധികൃതമായി വനത്തിൽ കയറിയെന്നതിന് തെളിവുണ്ടെന്ന് വടശേരിക്കര റേഞ്ച് ഒാഫീസർ വേണു പറഞ്ഞു. കൂടെ രണ്ടു പ്രതികളുമുണ്ട്. മൃഗവേട്ടയ്ക്ക് തോക്കുമായി കയറിയെന്ന് സാക്ഷിമൊഴിയുണ്ട്. മൂന്നു പേർ ചേർന്നാണ് കാമറ എടുത്തത്. മെമ്മറി കാർഡ് നശിപ്പിച്ചുവെന്ന് മത്തായി മൊഴി നൽകിയിട്ടുണ്ട്. ഇതിനുള്ള തെളിവെടുപ്പിന് എത്തിച്ചപ്പോൾ കിണറ്റിൽ ചാടുകയായിരുന്നു.