കാട്ടാക്കട: കണ്ടെയ്ൻമെന്റ് സോണിൽ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിച്ചതിൽ അധികൃതർ ഇടപെടാത്തതിനാൽ കെട്ടിടത്തിന് മുകളിൽ കയറി യുവാവ് പ്രതിഷേധിച്ചു. കാട്ടാക്കടയിൽ സ്വകാര്യ സ്ഥാപനത്തിൽ ബുധനാഴ്ച ഉച്ചയോടെയായിരുന്നു നാടകീയ സംഭവം അരങ്ങേറിയത്. കണ്ടെയിൻമെന്റ് സോണുകളിൽ തുറന്നിരുന്ന സ്ഥാപനങ്ങൾ യൂത്ത് കോൺഗ്രസ് അടപ്പിച്ചിരുന്നെങ്കിലും കാട്ടാക്കട ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ചില സ്ഥാപനങ്ങൾ എന്തു വന്നാലും അടക്കില്ലെന്ന നിലപാടെടുത്തതോടെ യൂത്ത് കോൺഗ്രസ് നേതാവ് എസ്.ടി. അനീഷ് സ്ഥാപനത്തിന്റെ മുകൾ നിലയിൽ കയറുകയായിരുന്നു. സ്ഥാപനം അടയ്ക്കുന്നതുവരെയോ പൊലീസ് എത്തി അടപ്പിക്കുന്നത് വരെയോ കുത്തിയിരിക്കുമെന്ന് മുന്നറിയിപ്പും നൽകി. ഇതും അവഗണിച്ചതോടെയാണ് അനീഷ് കെട്ടിടത്തിന് മുകളിൽ കയറി ഇരുന്ന് പ്രതിഷേധം ആരംഭിച്ചത്. ഒടുവിൽ പൊലീസ് എത്തി സ്ഥാപനം അടപ്പിച്ചതോടെ പ്രതിഷേധം അവസാനിപ്പിച്ച് താഴെയിറങ്ങി. ഒ.ബി.സി മോർച്ച ചെയർമാൻ ഷാജി ദാസ്,യൂത്ത് കോൺഗ്രസ് നേതാക്കളായ വിഷ്ണു,ബേബി,ശ്യാംലാൽ എന്നിവരുടെ നേതൃത്വത്തിലാണ് ബോധവത്കരണവും അനധികൃതമായി തുറന്ന സ്ഥാപനങ്ങൾ അടപ്പിക്കുകയും ചെയ്തത്.