തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധന. ഇന്നലെ 213 പേർക്ക് രോഗം സ്ഥിരീകരിച്ചു.188 പേർക്കും സമ്പർക്കം വഴിയാണ് രോഗം. വിദേശത്തുനിന്നെത്തി രോഗം സ്ഥിരീകരിച്ചവർ മൂന്ന് പേരാണ്. മേനംകുളം കിൻഫ്ര പാർക്കിൽ 79 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.സ്വപ്നയുടെ വ്യാജ സർട്ടിഫിക്കറ്റ് ബിരുദം അന്വേഷിക്കുന്ന കേസിലെ ഉദ്യോഗസ്ഥന് രോഗം കണ്ടെത്തി. ഇതോടെ സി.ഐ ഉൾപ്പെടെ സമ്പർക്കത്തിലുള്ള മൂന്ന് പൊലീസുകാർ നിരീക്ഷണത്തിലായി. സ്വയം നിരീക്ഷണത്തിൽപ്പോയ മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവായി. എങ്കിലും 14 ദിവസത്തേക്ക് മന്ത്രി നിരീക്ഷണത്തിലായിരിക്കും. ഒപ്പം ജോലി ചെയ്തിരുന്ന മറ്റു ജീവനക്കാരും നിരീക്ഷണത്തിലാണ്. വ്യാപനം കൂടുന്ന സാഹചര്യത്തിൽ കള്ളിക്കാട് പഞ്ചായത്തിൽ ഒരാഴ്ചത്തേക്ക് സമ്പൂർണ ലോക്ക് ഡൗൺ ഏർപ്പെടുത്തി.
ഇന്നലെ ജില്ലയിൽ പുതുതായി 1,368 പേർ രോഗനിരീക്ഷണത്തിലായി. 1,952 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. ജില്ലയിൽ 14,556 പേർ വീടുകളിലും 1,145 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്. ആശുപത്രികളിൽ ഇന്നലെ രോഗലക്ഷണങ്ങളുമായി 397 പേരെ പ്രവേശിപ്പിച്ചു. 274 പേരെ ഡിസ്ചാർജ് ചെയ്തു. ജില്ലയിൽ ആശുപത്രികളിൽ 2455 പേർ നിരീക്ഷണത്തിലുണ്ട്. ഇന്നലെ 446 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ജില്ലയിൽ 72 സ്ഥാപനങ്ങളിലായി 1,145 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട് .
ആകെ നിരീക്ഷണത്തിലുള്ളവർ -18,156
വീടുകളിൽ നിരീക്ഷണത്തിലുള്ളവർ -14,556
ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ -2,455
കൊവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവർ -1,145
ഇന്നലെ നിരീക്ഷണത്തിലായവർ -1,368