co

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരായ വ്യാജ സർട്ടിഫിക്ക​റ്റ് കേസ് അന്വേഷിക്കുന്ന സംഘത്തിലെ പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സി.ഐ അടക്കം, ഇദ്ദേഹവുമായി സമ്പർക്കത്തിലുണ്ടായിരുന്ന മൂന്ന് പൊലീസുകാർ നിരീക്ഷണത്തിലായി.

കേസിൽ സ്വപ്നയെ അറസ്​റ്റ് ചെയ്യാൻ പൊലീസിന് എൻ.ഐ.എ കോടതിയുടെ അനുമതി ലഭിച്ചിരുന്നു. വ്യാജ ബിരുദക്കേസിലും എയർ ഇന്ത്യ ഉദ്യോഗസ്ഥനെതിരായ വ്യാജ പരാതിയുമായി ബന്ധപ്പെട്ട കേസിലും സ്വപ്നയെ ചോദ്യം ചെയ്യാൻ പൊലീസ് കസ്​റ്റഡിയിൽ വാങ്ങും. ഐ.ടി വകുപ്പിന് കീഴിൽ സ്‌പേസ് പാർക്കിന്റെ ഓപ്പറേഷൻ മാനേജരായി ജോലി നേടാൻ സ്വപ്ന സുരേഷ് നൽകിയ ബികോം സർട്ടിഫിക്ക​റ്റ് വ്യാജമാണെന്ന് തെളിഞ്ഞതോടെയാണ് പൊലീസ് കേസെടുത്തത്.

കസ്​റ്റംസിന്റെ കസ്​റ്റഡി കാലാവധി അവസാനിച്ച ശേഷം ജയിലിലെത്തി പൊലീസ് അറസ്​റ്റ് രേഖപ്പെടുത്തും. ശേഷം കസ്​റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകുമെന്ന് പൊലീസ് പറഞ്ഞു. സ്വപ്നയെ നിയമിച്ച പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ, വിഷൻ ടെക്‌നോളജി എന്നീ സ്ഥാപനങ്ങൾക്കെതിരെ ഇതുവരെ പൊലീസ് അന്വേഷണമില്ല. എയർ ഇന്ത്യ സാ​റ്റ്സ് കമ്പനിയിൽ ജോലി ചെയ്യുമ്പോൾ ഒരു ഉദ്യോഗസ്ഥനെതിരെ വ്യാജ പീഡനക്കേസെടുക്കാൻ ആൾമാറാട്ടം നടത്തി രേഖകളുണ്ടാക്കിയെന്ന കേസിലെ രണ്ടാം പ്രതിയായ സ്വപ്നയെ കസ്​റ്റഡിൽ വാങ്ങാൻ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി അനിൽകുമാർ കോടതിയിൽ അടുത്തയാഴ്ച അപേക്ഷ നൽകും.