sivasankar

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ എം.ശിവശങ്കറിന് എൻ.ഐ.എ ക്ലീൻ ചിറ്റ് നൽകിയിട്ടില്ല. മാരത്തോൺ ചോദ്യംചെയ്യലിനു ശേഷം അദ്ദേഹത്തെ വിട്ടയയ്ക്കാൻ രണ്ട് കാരണങ്ങളുണ്ട്.

ഒന്നാമത്തെ കാരണം

സ്വർണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധം തെളിയിക്കാൻ സെക്രട്ടേറിയറ്റിലെ കാമറാ ദൃശ്യങ്ങളുടെ സൂക്ഷ്‌മ പരിശോധന അത്യാവശ്യമാണ്. സ്വർണം കസ്റ്റംസ് തടഞ്ഞുവച്ച ശേഷവും അദ്ദേഹത്തെ ഓഫീസിലെത്തി കണ്ടതായി സരിത്ത്, സ്വപ്ന എന്നിവരിൽ നിന്ന് വിവരം കിട്ടിയിട്ടുണ്ട്. ഇക്കാര്യം തെളിയിക്കാൻ കാമറാ ദൃശ്യങ്ങളുടെ പരിശോധന അനിവാര്യമാണ്.

2019ജൂലായ് മുതലുള്ള ഒരുവർഷക്കാലത്തെ കാമറാദൃശ്യങ്ങളാണ് എൻ.ഐ.എ ആവശ്യപ്പെട്ടത്. 83കാമറകളിലെ ദൃശ്യങ്ങളാണ് എൻ.ഐ.എയ്ക്കായി ഹാർഡ് ഡിസ്കിൽ പകർത്തുന്നത്. പൂർത്തിയാവാൻ ഒരാഴ്ച കൂടിയെടുക്കും. ഈ ദൃശ്യങ്ങൾ എൻ.ഐ.എയുടെ സൈബർ ഫോറൻസിക് വിഭാഗത്തിന്റെ പരിശോധനയ്ക്ക് കൈമാറണം. ഇതിനുള്ള കാലതാമസമാണ് കടുത്ത നടപടികൾക്ക് കാലതാമസമുണ്ടാക്കുന്നത്.

രണ്ടാമത്തെ കാരണം

ശിവശങ്കറിന്റെ വിദേശത്തെ ബന്ധങ്ങളും ഇടപാടുകളും കണ്ടെത്താനുള്ള കാലതാമസമാണ്. മുഖ്യപ്രതി ഫൈസൽ ഫരീദ് യു.എ.ഇയിൽ കസ്റ്റഡിയിലുണ്ടെന്ന് വിവരമുണ്ടെങ്കിലും ഇതുവരെ വിട്ടുകിട്ടിയിട്ടില്ല. തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്ന റബിൻസിനെയും പിടികൂടാനായിട്ടില്ല. ഇവരെ കിട്ടിയാലേ ശിവശങ്കറിന്റെ വിദേശബന്ധങ്ങളുടെ അന്വേഷണം പൂർത്തിയാവൂ. ഈ രണ്ടുകാര്യങ്ങളിലെയും നടപടികൾ പൂർത്തിയാക്കിയ ശേഷം ആഗസ്റ്റിൽ തന്നെ ശിവശങ്കറിനെ വീണ്ടും ചോദ്യംചെയ്യാൻ വിളിപ്പിക്കുമെന്നാണ് വിവരം.

റമീസിന്റെ മൊഴി നിർണായകം

സ്വർണക്കടത്തിൽ വിദേശത്തെ ആസൂത്രണം നടത്തിയ റമീസിന് തീവ്രവാദ ബന്ധമുണ്ടെന്ന് എൻ.ഐ.എ സംശയിക്കുന്നുണ്ട്. ഇയാളെ ചൊവ്വാഴ്ചയാണ് എൻ.ഐ.എയുടെ കസ്റ്റഡിയിൽ കിട്ടിയത്. ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതിനിടെയാണ് റമീസിനെയും എൻ.ഐ.എ ഓഫീസിലെത്തിച്ചത്. റമീസിനെ വിശദമായി ചോദ്യംചെയ്ത് ശിവശങ്കറിന്റേതടക്കമുള്ള വിദേശബന്ധം കണ്ടെത്തേണ്ടതുണ്ട്. ഇതിനും ഒരാഴ്ചയെങ്കിലുമെടുക്കും.