01

പോത്തൻകോട് : പ്രണയ വിവാഹത്തെ ചൊല്ലിയുള്ള സംഘർഷത്തിൽ പെൺകുട്ടിയുടെ ബന്ധുക്കളടങ്ങുന്ന സംഘം ഭർത്താവിന്റെ ജ്യേഷ്ഠനെ കടയിൽ കയറി മർദ്ദിച്ചെന്ന് പരാതി. വട്ടപ്പാറയിൽ ഫർണിച്ചർ ഷോപ്പ് നടത്തുന്ന ശീമവിളമുക്കിൽ ജോർദാൻ ഹൗസിൽ റിജുമോനെയാണ് ആറുപേരടങ്ങുന്ന സംഘം ഇന്നലെ വെെകിട്ട് അഞ്ചോടെ ക്രൂരമായി മർദ്ദിച്ചത്. കടയിലേക്ക് അസഭ്യം പറഞ്ഞ് ഇരച്ചെത്തിയ സംഘം അവിടെയുണ്ടായിരുന്ന തടിയും മരക്കഷണങ്ങളും കൊണ്ട് യാതൊരു പ്രകോപനവുമില്ലാതെ റിജുവിനെ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ റിജു ആശുപത്രിയിൽ ചികിത്സ തേടി. ഈ മാസം 14നായിരുന്നു റിജുവിന്റെ അനിയൻ റിജോയുടെ വിവാഹം. ഇതിൽ എതിർപ്പുണ്ടായിരുന്ന ബന്ധുക്കളാണ് തന്നെ ആക്രമിച്ചതെന്ന് റിജു പറഞ്ഞു. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ റിജു വട്ടപ്പാറ സ്റ്റേഷനിൽ പരാതി നൽകി. കണ്ടാലറിയാവുന്ന ആറുപേർക്കെതിരെ കേസെടുത്തെന്ന് വട്ടപ്പാറ പൊലീസ് അറിയിച്ചു.