തിരുവനന്തപുരം: പ്രത്യക്ഷ ലക്ഷണങ്ങളില്ലാത്ത കൊവിഡ് രോഗികളെ വീട്ടിൽ തന്നെ ചികിത്സിക്കാൻ അനുവദിച്ച് സർക്കാർ ഇന്നലെ ഉത്തരവിറക്കി. ഡോക്ടർമാർ,നഴ്സുമാർ,മറ്റ് ആരോഗ്യപ്രവർത്തകർ എന്നിവർക്കാണ് അനുമതി. ഇതിന്റെ ഗുണഫലങ്ങളും രോഗവ്യാപനത്തിന്റെ തീവ്രതയും വിലയിരുത്തി മറ്റ് വിഭാഗങ്ങൾക്കും ഇൗ സൗകര്യം അനുവദിക്കും. രോഗവ്യാപനത്തിന്റെ തീവ്രതയനുസരിച്ച് ചികിത്സാസൗകര്യങ്ങളില്ലാത്തത് പരിഗണിച്ചാണിത്. ആരോഗ്യകുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടിറയാണ് ഉത്തരവിറക്കിയത്. സ്വന്തം ജീവൻ അവഗണിച്ച് കൊവിഡ് പോരാട്ടം നടത്തുന്നന്ന ആരോഗ്യപ്രവർത്തകർക്ക് പ്രത്യേക സുരക്ഷ വേണമെന്ന് ചൊവ്വാഴ്ച കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വീടുകളിൽ കൊവിഡ് ചികിത്സ നടത്തുന്നത് സർക്കാർ ആലോചിക്കണമെന്ന് ഇന്നലെ എഡിറ്റോറിയലും നൽകി. ഇതെല്ലാം പരിഗണിച്ചാണ് സർക്കാർ തീരുമാനം.
സംസ്ഥാനത്ത് ഇതുവരെ 507 ആരോഗ്യപ്രവർത്തകർക്കാണ് കൊവിഡ്ബാധിച്ചത്. ഇതിൽ 240 പേർക്കും കഴിഞ്ഞ പത്തുദിവസത്തിനുള്ളിലാണ് രോഗം പിടിച്ചത്. ഇവരിൽ 41.55 ശതമാനവും ചികിത്സകരാണ്. നഴ്സുമാർ 23 ശതമാനവും ഡോക്ടർമാർ 18 ശതമാനവും. 22 ശതമാനം നഴ്സിംഗ് അസിസ്റ്രന്റുമാരും അറ്രൻഡർമാരും പാരാമെഡിക്കൽ ജീവനക്കാരുമാണ്. 23.2 ശതമാനം ഫീൽഡിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരാണ്.
ഉത്തരവനുസരിച്ചുളള മാർഗ്ഗനിർദ്ദേശങ്ങൾ ഇങ്ങിനെ.
1.ആരോഗ്യപ്രവർത്തകരായിരിക്കണം.
2.രോഗലക്ഷണങ്ങൾ ഉണ്ടാകരുത്.
3.വീട്ടിൽ ചികിത്സിക്കാനുള്ള അനുമതിക്ക് അപേക്ഷ നൽകണം
4.സർക്കാർ വ്യവസ്ഥകൾ കർശനമായി പാലിക്കുമെന്ന് സത്യവാങ്മൂലം നൽകണം.
5.പത്താംനാൾ ആന്റിജൻടെസ്റ്റ് നടത്തണം. ഫലം നെഗറ്റീവെങ്കിൽ ഏഴുനാൾ വിശ്രമം
6.സ്വയം നിരീക്ഷണം നടത്തണം.
7.വീട്ടിൽ അംഗമായ ഒരാൾ ഉത്തരവാദിത്വം ഏറ്റെടുക്കണം.