kovalam

കോവളം: കടൽക്ഷോഭവും പ്രതികൂല കാലാവസ്ഥയും വിഴിഞ്ഞത്തെ ക്രൂ ചേഞ്ചിംഗിന് തടസമായി. പെട്ടെന്നുണ്ടായ കടൽക്ഷോഭത്തെ തുടർന്ന് ഇന്ന് നടക്കാനിരുന്ന ക്രൂ ചേഞ്ചിംഗ് ഉപേക്ഷിച്ചതായി പോർട്ടധികൃതർ അറിയിച്ചു. കടൽക്ഷോഭത്തെ തുടർന്ന് പുറംകടലിൽ നങ്കൂരമിടാനോ നടപടിക്രമങ്ങൾ പൂർത്തിയാക്കാനോ കഴിയില്ലെന്നുറപ്പായതോടെയാണ് എൻ.സി.സി ഹെയ്ൽ എന്ന ചരക്ക് കപ്പൽ വിഴിഞ്ഞത്തെ ക്രൂ ചേഞ്ചിംഗ് ഉപേക്ഷിച്ചത്. ഈ കപ്പലിൽ നിന്ന് വിദേശികളെ കരയ്ക്ക് ഇറക്കുന്ന കാര്യത്തിൽ ആദ്യം എമിഗ്രേഷൻ വിഭാഗം തടസം പറഞ്ഞതിനെ തുടർന്ന് ഇന്ത്യക്കാരെ മാത്രം ഇറക്കാൻ ധാരണയായെങ്കിലും കാലാവസ്ഥ വില്ലനായി. മഹാ ചുഴലിക്കാറ്റ് കാരണം ശക്തമായ കടൽക്ഷോഭവും കാറ്റും തീരമേഖലയിൽ തുടരുകയും മഴ ശക്തമാവുകയും ചെയ്താൽ നാളെ എത്തേണ്ട മൂന്ന് ചരക്ക് കപ്പലുകളുടെ ക്രൂ ചേഞ്ചിംഗും അനിശ്ചിതത്വത്തിലാകുമെന്ന അവസ്ഥയാണ്.