കൊച്ചി: കേരളത്തിന്റെ പടിഞ്ഞാറൻ തീരത്തെ ഏറ്റവും സമ്പന്നമായ മത്സ്യമേഖലയിലൂടെ കപ്പൽയാത നിശ്ചയിച്ച കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന്റെ തീരുമാനം തിരുത്തണമെന്ന് കെ.ആർ.എൽ.സി.സിയുടെ ആഭിമുഖ്യത്തിലുള്ള കോസ്റ്റൽ ഏരിയ ഡവലപ്പ്മെൻ്റ് ഏജൻസി ഫോർ ലിബറേഷൻ (കടൽ) ആവശ്യപ്പെട്ടു. കേരളത്തിലും തമിഴ്നാട്ടിൽ നിന്നും ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിൽ ഏർപ്പെടുന്ന കൊല്ലം പരപ്പു മേഖലയിലൂടെയാണ് കപ്പൽയാത പുനർനിർണയിച്ചിരിക്കുന്നത്. നാളെ മുതൽ ഇത് നിലവിൽ വരും. ഈ മേഖലയിലെ കോണ്ടിനെന്റൽ ഷെൽഫ് 60 കിലോമീറ്റർ വരെ ദൂരെവരും. വിഭവസമൃദ്ധമായ മത്സ്യബന്ധനസ്ഥലം കൂടിയാണിത്. അതിനാൽ ഇപ്പോഴത്തെ ഷിപ്പിംഗ് ഇടനാഴി ഈ മത്സ്യബന്ധന മേഖലയിൽ 25000 ത്തിലധികം വരുന്ന മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാർഗം ഇല്ലാതാക്കും.
ഈ സാഹചര്യത്തിൽ ഇടനാഴിയിലുടെ നിലവിലെ വിന്യാസം പുനപരിശോധിച്ച് 500 മീറ്ററോളം ആഴത്തിലുള്ള ലൈനിനപ്പുറത്തേക്ക് മാറ്റാൻ അടിയന്തര നടപടി സ്വീകരിക്കണം.