s

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സ്വീകരിക്കാൻ പോകാൻ പേടിയുണ്ടോ?​- നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഐ.പി. ബിനുവിന്റെ ചോദ്യം കേട്ടപ്പോൾ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷൈനി പ്രസാദ് ഒന്നു പരുങ്ങി. ആരായാലും കൊവിഡിനെ പേടിക്കുമല്ലോ. പിന്നെ ധൈര്യം സംഭരിച്ച് കർത്തവ്യത്തിന് തയ്യാറായി. കൊവിഡുമായി ബന്ധപ്പെട്ട് മറ്റൊരു മൃതശരീരം ഏറ്റുവാങ്ങുന്നതിനായി ഹെൽത്ത് ഓഫീസർ ശശികുമാറിന് പോകേണ്ടി വന്നിരുന്നു. പിന്നെ ഡ്യൂട്ടിയിലുള്ളത് ഷൈനി മാത്രമായിരുന്നു. മലയിൻകീഴ് സ്വദേശി ക്രിസ്തുദാസിന്റെ (67)​ മൃതശരീരമായിരുന്നു ഏറ്റുവാങ്ങേണ്ടിയിരുന്നത്. കാൻസർ രോഗത്തിന് ചികിത്സയിലിരിക്കെയാണ് ക്രിസ്തുദാസിന് കൊവിഡ് ബാധിച്ചത്.

കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം മൃതദേഹം മറവുചെയ്യാൻ ആവശ്യമായ സ്ഥലമില്ലാത്തതിനെ തുടർന്ന് മലയിൻകീഴ് പഞ്ചായത്ത് അധികൃതർ നഗരസഭയെ സമീപിക്കുകയായിരുന്നെന്ന് ഐ.പി.ബിനു പറഞ്ഞു. മെഡിക്കൽ കോളേജ് മോർച്ചറിയിൽ എത്തി നഗരസഭയ്ക്കു വേണ്ടി ഷൈനി മൃതശരീരം ഏറ്റുവാങ്ങി. താത്കാലിക ജീവനക്കാരായ നിവിൽ,അനീഷ്,സുരേഷ് ബാബു, ദിലീപ് എന്നിവർ ചേർന്ന് മതാചാരപ്രകാരം ശാന്തികവാടത്തിൽ സംസ്‌കരിച്ചു. നെല്ലിമൂട് സ്വദേശിയാണ് ഷൈനി. കെ.എസ്.ആർ.ടി.സി പൂവർ ഡിപ്പോയിലെ കണ്ടക്ടർ ഷാജിയാണ് ഭർത്താവ്.

ഒരു ധൈര്യത്തിലാണ് എല്ലാം ചെയ്തത്. ഈ മഹാമാരിയിൽ ആരും മരിക്കരുതെന്നാണ് പ്രാർത്ഥന. മരിക്കുമ്പോൾ എല്ലാ മാനദണ്ഡങ്ങളും പാലിക്കണം. അതിന് എന്റെ സേവനം വേണ്ടിവന്നാൽ ഇനിയും തയ്യാറാണ്. പെണ്ണെന്ന് പറഞ്ഞ് മാറി നിൽക്കേണ്ടതില്ല.- ഷൈനി