kudil

പാലോട്: ഭൂമി പതിച്ചു കിട്ടാനായി ആദിവാസി ക്ഷേമ സമിതി 2003 ഏപ്രിൽ 21ന് തുടക്കം കുറിച്ച പ്രതിഷേധമാണ് ചെറ്റച്ചൽ പൊട്ടൻചിറ ഭൂസമരം. 18 വർഷമായിട്ടും ഇവിടത്തെ മുപ്പതോളം കുടുംബങ്ങൾക്ക് ഭൂമി അനുവദിക്കുന്നത് സംബന്ധിച്ച് നടപടികളെടുക്കാൻ ഒരു സർക്കാരും തയ്യാറാകുന്നില്ല. മാറി വരുന്ന ഭരണകൂടങ്ങളിൽ പ്രതീക്ഷ വച്ച് മുപ്പതോളം കുടുംബങ്ങൾ ഇന്നും കുടിലുകളിൽ പ്രാഥമിക ആവശ്യങ്ങൾക്കുപോലും സൗകര്യങ്ങളില്ലാതെ ജീവിതം തള്ളിനീക്കുകയാണ്. എ. കെ ആന്റണിയുടെ ഭരണകാലത്താണാണ് 28 ഏക്കറോളം വരുന്ന ഭൂമി പതിച്ചു കിട്ടാൻ ആദിവാസി ക്ഷേമ സമിതി യുടെ നേതൃത്ത്വത്തിൽ കുടിൽ കെട്ടി സമരം ആരംഭിച്ചത്. തുടർന്ന് ഉമ്മൻചാണ്ടി സർക്കാരിന്റെ ഭരണ കാലത്തും സമരം ശക്തമായി നിലനിന്നു. കൊടി കുത്താനും കുടിൽ കെട്ടാനും മുൻകൈയെടുത്ത നേതാക്കൾ വി.എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയാപ്പോൾ സമരം അവസാനിപ്പിച്ച് പിന്തിരിഞ്ഞു. വീണ്ടും യു.ഡി.എഫ് അധികാരമേറ്റപ്പോൾ സമരപ്പന്തൽ ഉയർന്നു. ഇപ്പോൾ നാല് വർഷമായി സമരവും ഇല്ല നേതാക്കളും ഇല്ല.
ഇത്തരത്തിലുള്ള രാഷ്ട്രീയ മത്സരങ്ങൾക്ക് ഇരയായത് വാഗ്ദാനങ്ങളെ വിശ്വസിച്ച മുപ്പതോളം ദരിദ്ര കുടുംബങ്ങളാണ്. ഭൂമി പതിച്ചു കിട്ടാത്തതിനാൽ അർഹതപ്പെട്ട റേഷൻ ആനുകുല്യം പോലും ഇവർക്ക് ലഭ്യമല്ല. 18 വർഷമായുള്ള പ്രതീക്ഷ ഒട്ടും കൈവിടാതെ ഇന്നും സ്വന്തമായുള്ളൊരു ഭൂമിയിൽ അന്തിയുറങ്ങണം എന്ന ആഗ്രഹവുമായാണ് ഇവിടത്തെ ഓരോ കുടുംബങ്ങളും കഴിയുന്നത്. താമസിക്കുന്ന ഭൂമിയെങ്കിലും പതിച്ചു കിട്ടുന്നതിനു വേണ്ട നടപടിയെടുക്കണമെന്ന അപേക്ഷയാണ് ഇവർക്കുള്ളത്. അതല്ലെങ്കിൽ വാസയോഗ്യമായ മറ്റൊരു ഭൂമി ലഭ്യമാക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. കുടിൽ കെട്ടി താമസം ആരംഭിച്ചതിനു ശേഷം ഇതേ ഭൂമിയിൽ അന്ത്യവിശ്രമം കൊള്ളുന്നത് 4 മുതിർന്നവരും രണ്ട് കുഞ്ഞുങ്ങളുമാണ്. മഴക്കാലമായതോടെ ചോർന്നൊലിക്കുന്ന ടാർപ്പ വിരിച്ച കുടിലുകളിൽ നെഞ്ചിടിപ്പോടെ കഴിയുന്ന ഇവർക്ക് സ്വന്തമായി സ്ഥലം ഇല്ലാത്തതിനാൽ സർക്കാർ ലൈഫ് പദ്ധതിയിലും ഉൾപ്പെടുത്തില്ല. ഇവിടെ കഴിയുന്ന ആദിവാസികൾക്ക് വേറെ ഭൂമി നൽകി ഈ ഭൂമി ഫാം വികസനത്തിന് ഉപയോഗിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.