malayinkil

മലയിൻകീഴ്: മാറനല്ലൂർ ഗ്രാമപഞ്ചായത്തിലുൾപ്പെട്ട ചീനിവിള - കുഴിവിള റോ‌‌‌ഡ് പൊട്ടിപ്പൊളിഞ്ഞ്തകർന്ന് സഞ്ചാരയോഗ്യമല്ലാതായിട്ട് വർഷങ്ങൾ കഴിഞ്ഞു. പോങ്ങുംമൂട് - അണപ്പാട് പ്രധാന റോഡിൽ നിന്നുള്ള ഇടറോഡാണിത്. അന്തിയൂർക്കോണം, സകല്ലുവരമ്പ്, നെല്ലിക്കാട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകാനുള്ള എളുപ്പ മാർഗമാണ് ഈ റോഡ്. 2014 - 15ൽ 10 ലക്ഷം രൂപ ജില്ലാപഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് ടാറിംഗ് നടത്തിയ റോഡ് ഇപ്പോൾ തകർന്ന് കുഴികളായി മാറിയിരിക്കുകയാണ്. ടാറിംഗ് ഇളകി മാറി വൻ കുഴികൾ രൂപപ്പെട്ടതിനാൽ ഇതുവഴി കാൽനട പോലും ദുസഹമായിരിക്കുകയാണ്. മഴക്കാലത്ത് ഇവിടം വെള്ളക്കട്ടിലാകും. റോഡ് ആരംഭിക്കുന്നിടത്തെ കുത്തിറക്കത്തിലെ കുഴികൾ അപകട കെണിയായിട്ടുണ്ട്. രാത്രി കാലങ്ങളിൽ ഇതുവഴി പോയാൽ അപകടം ഉറപ്പാണെന്നാണ് നാട്ടുകാർ പറയുന്നത്. ഈ പ്രദേശത്തുള്ളവരുടെ ഏക ആശ്രയമായ റോഡിലൂടെ എൻ.ശക്തൻ ഗതാഗതവകുപ്പ് മന്ത്രിയായിരുന്ന കാലത്ത് കെ.എസ്.ആർ.ടി.സി ബസ് സർവീസ് ഉണ്ടായിരുന്നു. പ്രദേശവാസികളുടെ യാത്രാ ദുരിതത്തിന് പരിഹാരമായിട്ടാരംഭിച്ച ബസ് സർവീസും നിലച്ചു. മാറനല്ലൂർ പഞ്ചായത്തിലെ അഴകം, കുഴിവിള വാർഡുകളിലുൾപ്പെട്ട ഈ റോഡ് നവീകരിക്കാൻ വാർഡ് അംഗങ്ങൾ താല്പര്യമെടുത്താൽ മതിയായിരുന്നു.എന്നാൽ ബി.ജെ.പി, ഇടതുമുന്നണി വാർഡ് അംഗങ്ങൾ തമ്മിൽ ഐക്യപ്പെടാത്തതാണ് റോഡ് ഇപ്പോഴും തകർന്ന് കിടക്കാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. വിവിധ ആവശ്യങ്ങൾക്ക് പ്രദേശവാസികൾക്ക് നഗരത്തിലെത്തണ മെങ്കിൽ നെല്ലിക്കാട്, കല്ലുവരമ്പ ഭാഗത്ത് എത്തി അവിടെ നിന്ന് പോകേണ്ട ഗതികേടാണിപ്പോഴുള്ളത്. പോങ്ങുംമൂട്, ചീനിവിള ഭാഗത്തുള്ളവർക്ക് പൊട്ടൻകാവ്, കിള്ളി, കാട്ടാക്കട
ഭാഗത്തേക്ക് പോകാനും ഈ റോഡ് എഴളുപ്പമാർഗമാണ്. പഞ്ചായത്ത് റോഡാണെങ്കിലും ഒന്നര കിലോ മീറ്റർ ദൈർഖ്യമുള്ള ചീനിവിള - കുഴിവിള റോഡ് അടിയന്തരമായി നവീകരിക്കണമെന്നതാണ് ജനങ്ങളുടെ ആവശ്യം. ജില്ലാ പഞ്ചായത്ത്, എം.എൽ.എ ഫണ്ടുകൾ വിനിയോഗിച്ച് റോഡ് നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി
നിവേദനങ്ങൾ നൽകിയെങ്കിലും യാതൊരു പ്രയോജനവുമുണ്ടായില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്. വിവിധ
റസിഡന്റ്സ് അസോസിയേഷനുകളുൾപ്പെടെ ത്രിതല പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയെങ്കിലും പരിഹാരമുണ്ടാകുന്നില്ലന്നും അറ്റകുറ്റപ്പണിയെങ്കിലും നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പ്രതികരണം :
ജനങ്ങളുടെ യാത്രാ ക്ലേശം പരിഹരിക്കും.റോഡ് നവീകരണം ആരംഭിക്കുന്നതിന് ഫണ്ട് അനുവദിച്ചിട്ടുണ്ട്.

- ഐ.ബി.സതീഷ്.എം.എൽ.എ.