നെയ്യാറ്റിൻകര: കൊച്ചുപള്ളി ചാലറത്തല റോഡിനു സമീപം ഇറിഗേഷൻ കനാൽ പൊട്ടിപ്പൊളിഞ്ഞ നിലയിലായത് കഴിഞ്ഞ ദിവസം കെ. ആൻസലൻ എം.എൽ.എയും സംഘവും സന്ദർശിച്ചു. ശബരിമുട്ടം കനാലിൽ നിന്നും കമുകിൻകോട് പള്ളിയുടെ പിറകിലൂടെ കൊച്ചുപള്ളി ഭാഗത്തേക്ക് പോകുമ്പോഴുള്ള ഇറിഗേഷൻ കനാൽ കഴിഞ്ഞ കുറെക്കാലമായി ഇടിഞ്ഞ് കാൽനടയാത്രക്കാർക്ക് പോലും ഭീഷണിയായി മാറിയത് കേരളകൗമുദി റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് എം.എൽ.എ സ്ഥലത്തെത്തിയത്. ശോചനീയാവസ്ഥ എം.എൽ.എക്ക് നേരിൽ കണ്ട് ബോദ്ധ്യപ്പെട്ടു. ഇറിഗേഷൻ ഉദ്യോഗസ്ഥരും കമുകിൻകോട് റസിഡന്റ്സ് അസോസിയേഷൻ മുഖ്യ രക്ഷാധികാരി വി. രാജേന്ദ്രൻ, കോ ഓർഡിനേറ്റർ ശാന്തകുമാർ കമുകിൻകോട് എന്നിവരും നാട്ടുകാരും ഒപ്പമുണ്ടായിരുന്നു. നാട്ടുകാരും പള്ളികമ്മിറ്റിയും നേരത്തേ പല തവണ പരാതി നൽകിയിരുന്നു. കൊച്ചുപള്ളി തീർത്ഥാടനകേന്ദ്രത്തിലേക്കും കമുകിൻകോട് സ്കൂളിലേക്കും ആയിരക്കണക്കിന് യാത്രക്കാർ സഞ്ചരിക്കുന്നത് ഈ കനാൽക്കര വഴിയാണ്. രാത്രിയും പകലും ഇഴജന്തുക്കളുടെ ശല്യം ഈ ഭാഗത്തു കൂടുതലാണ്. കാടുവെട്ടി തെളിച്ചു കനാൽ സൈഡ് ഭിത്തി കെട്ടുകയോ ഈ ഭാഗം കവറിംഗ് സ്ളാബ് ഇട്ടു യാത്ര സൗകര്യം ഒരുക്കുകയോ ചെയ്താലേ ഈ പ്രശ്നത്തിനു പരിഹാരം ആകുകയുള്ളുവെന്ന് നാട്ടുകാർ പറയുന്നു. കമുകിൻകോട് സ്കൂളിന് പിറകുവശംവരെ കവറിംഗ് സ്ളാബ് ഇട്ടിട്ടുണ്ട്. അവിടെ നിന്നും കൊച്ചുപള്ളിയിലേക്ക് ബന്ധിപ്പിക്കുന്ന റോഡിന്റെ ഭാഗം വരെ സംരക്ഷണ ഭിത്തി കെട്ടി കവറിംഗ് സ്ളാബ് ഇടേണ്ടതുണ്ട്.
കൃഷിക്ക് നേട്ടമാകും
കനാൽ വഴി ജലം തുറന്നു വിട്ട് സമീപപ്രദേശത്തെ കിണറുകൾ നിറഞ്ഞാൽ വീട്ടുകാർക്ക് ലാഭകരമായി കരകൃഷി ചെയ്യാനാകും. കൊവിഡ് കാലമായതിനാൽ പച്ചക്കറികൾ വീട്ടുവളപ്പിൽ കൃഷി ചെയ്യണമെങ്കിൽ ജലം കൂടിയേ തീരൂ. കനാൽ വഴി ജലം തുറന്നു വിട്ടാൽ എല്ലാത്തരം കൃഷിയും വീട്ടു മുറ്റത്ത് ചെയ്യാമെന്ന് വീട്ടമ്മമാരും പറയുന്നു.
കനാലുകൾ സംരക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കണം.
വി. രാജേന്ദ്രൻ, മുഖ്യരക്ഷാധികാരി
കമുകിൻകോട് റസിഡന്റ്സ് അസോസിയേഷൻ