അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത് അവസാനമായി അഭിനയിച്ച ദിൽ ബേചാരയ്ക്ക് വൻ വരവേൽപ്പ്. ചിത്രം ജൂലൈ 24 നാണ് റിലീസ് ചെയ്തത്. ആദ്യദിനം മാത്രം ചിത്രം കണ്ടത് ഒമ്പതര കോടി പ്രേക്ഷകർ ആണെന്ന റിപ്പോർട്ടുകളാണ് പുറത്തു വന്നിരിക്കുന്നത്. ഈ കണക്കുകൾ പ്രകാരം ഈ ചിത്രം തിയേറ്റർ റിലീസ് ആയിരുന്നെങ്കിൽ, ടിക്കറ്റ് നിരക്ക് 100 രൂപ വച്ച് കണക്കു കൂട്ടിയാൽ ദിൽ ബെചാരയുടെ ആദ്യദിന കളക്ഷൻ 950 കോടിയും, മൾട്ടിപ്ലെക്സിൽ ഉള്ള ടിക്കറ്റ് നിരക്ക് 200 രൂപക്ക് മുകളിൽ ആയത് കൊണ്ട് ആ നിരക്ക് വച്ച് കൂട്ടിയാൽ 2000 കോടിയുമായിരുന്നേനെ എന്നും റിപ്പോർട്ടുകൾ പറയുന്നു. മുകേഷ് ഛബ്ര സംവിധാനം ചെയ്ത ദില്‍ ബേചാര ജോൺ ഗ്രീൻ എഴുതിയ ഫോൾട്ട് ഇൻ ഔർ സ്റ്റാർസ് എന്ന നോവലിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ഒരുക്കിയിരിക്കുന്ന ചിത്രമാണ്. സഞ്ജനാ സംഗി നായികാ വേഷം ചെയ്ത ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് എ.ആർ റഹമാൻ ആണ്.