 
കടയ്ക്കാവൂർ: കടയ്ക്കാവൂർ, അഞ്ചുതെങ്ങ് പഞ്ചായത്തുകളിൽ തെരുവ്നായ്ക്കളുടെ ശല്യം രൂക്ഷം. തെരുവ് നായ്ക്കളെ പേടിച്ച് സ്വെെര്യമായി യാത്ര ചെയ്യാൻ പോലും ജനങ്ങൾക്ക് കഴിയുന്നില്ല.
പലവീടുകളിലും കയറി ആടുകളെയും കോഴികളെയും ആക്രമിച്ചു കൊല്ലുന്നതിനൊപ്പം ആളുകളെയും ആക്രമിക്കുന്നു. കാൽനടയാത്രക്കാരെയാണ് കൂട്ടമായി ആക്രമിക്കുന്നത്. ഇരുചക്രവാഹനങ്ങളുടെ പുറകെ കൂട്ടമായി ഒാടി യാത്രക്കാരെ തള്ളിയിട്ട് അപകടപ്പെടുത്തുന്ന സംഭവങ്ങളും പതിവാണ്.
ദിവസം കഴിയുന്തോറും ഇവറ്റകളുടെ എണ്ണം വർദ്ധിച്ചു വരികയാണ്. സർക്കാർ ഇറക്കിയിട്ടുള്ള ഉത്തരവിൽ ജില്ലാകളക്ടറുടെ നേതൃത്വത്തിൽ പത്ത് പഞ്ചായത്തുകൾ വീതമുള്ള ക്ളസ്റ്ററുകളായി തിരിച്ച് തെരുവ് നായ്ക്കളുടെ വന്ധ്യംകരണ പദ്ധതി നടപ്പിലാക്കാനുള്ള നിയമമുണ്ട്. ആ പ്രദേശത്തെ സർക്കാർ ഡോക്ടറുമാരുടെ സേവനം ഇതിനായി ഉപയോഗിക്കാം. ഇൗ പദ്ധതി നടപ്പാക്കാൻ ഇരു പഞ്ചായത്തുകളും ആവശ്യമായ നടപടികൾ കൈകൊള്ളണമെന്നാണ് നാട്ടുകാർ പറയുന്നത്.
അധികൃതർ ഇനിയെങ്കിലും കണ്ണ് തുറന്ന് തെരുവ് നായ്ക്കളുടെ ശല്യം ഒഴിവാക്കാൻ അടിയന്തര നടപടികൾ നടപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
തെരുവ് നായ വന്ധ്യംകരണ പദ്ധതി നടപ്പാക്കുന്നില്ല
തെരുവ് നായ്ക്കളുടെ കടിയേറ്റ് വളർത്തുനായ്ക്കൾക്കും പേയിളകി
ആടുകളെയും കോഴികളെയും ആക്രമിച്ചുകൊല്ലുന്നു
കാൽനടയാത്രക്കാരെയും തെരുവ് നായ്ക്കൾ ആക്രമിക്കുന്നു
തെരുവ് നായ്ക്കളുടെ ശല്യം പഞ്ചായത്തുകളിൽ വർദ്ധിച്ചു കൊണ്ടിരിക്കയാണ്. വേണ്ട നടപടികൾ സ്വീകരിച്ചില്ലെങ്കിൽ പ്രശ്നം സങ്കീർണമാകും.
സജീർ, സി.പി.എം ലോക്കൽ കമ്മിറ്റി അംഗം