covid-19

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വ്യാപനം ഇന്നലെ (ജൂലായ് 30) ആറുമാസം പിന്നിട്ടു. ഇപ്പോൾ നിയന്ത്രണാതീതമായി കൂടുകയാണ്. ആശ്വസിക്കാൻ സെപ്തംബർ കഴിയണമെന്നാണ് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്.

ജനുവരി 30നാണ് ആദ്യരോഗബാധ റിപ്പോർട്ട് ചെയ്തത്. തുടക്കത്തിൽ ജന പിന്തുണയോടെ രോഗത്തെ തടയാനായി. അതിനെ ലോകം പ്രശംസിച്ചു. ഇപ്പോൾ സ്ഥിതി ആശങ്കാജനകമാണ്.

@ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ

മേയിലെ മൂന്നാഴ്ച ആയിരങ്ങൾ വന്നിട്ടും രോഗബാധ 23% ൽ നിന്ന് 10 ശതമാനമായി കുറയ്ക്കാൻ കഴിഞ്ഞു. ജൂണിൽ സ്ഥിതി മാറി. ഇളവുകൾ രോഗവ്യാപനം തീവ്രമാക്കി. തിരുവനന്തപുരത്തെ കുമരിച്ചന്ത മീൻമാർക്കറ്റിൽ എത്തിയ മറ്റ് സംസ്ഥാനക്കാരിൽ നിന്ന് രോഗം പ്രദേശത്താകെ പടർന്നു. ഓരോരോ ക്ലസ്റ്റർ രൂപപ്പെട്ടു. ചിലയിടത്ത് സൂപ്പർ സ്‌പ്രെഡ് ഉണ്ടായി. ഒാരോ ക്ലസ്റ്ററും ലോക്ക് ഡൗൺ പ്രഖ്യാപിച്ച് അടച്ചു. ഇനിയും നാം വളരെ സൂക്ഷിക്കണം.

@രമേശ് ചെന്നിത്തല

പ്രതിരോധ നടപടികൾ വർദ്ധിപ്പിക്കേണ്ട അടിയന്തര സാഹചര്യമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ടെസ്റ്റുകൾ വർദ്ധിപ്പിക്കണം. വോളന്ററി ടെസ്റ്റിനും സംവിധാനം ഒരുക്കണം. സ്വകാര്യലാബുകളിലും ടെസ്റ്റിംഗ് നടത്തണം. റിപ്പോർട്ടിംഗ് ഏകോപിപ്പിക്കാൻ ഒരു പോർട്ടൽ ആരംഭിക്കണം. ക്വാറന്റൈൻ കേന്ദ്രങ്ങളിൽ വെള്ളം, മരുന്ന്, വസ്ത്രങ്ങൾ എന്നിവ കിട്ടുന്നില്ലെന്ന പരാതി പരിഹരിക്കണം.

@ഡോ. മുഹമ്മദ് അഷീൽ

ഇപ്പോഴത്തെ കൊവിഡ് വ്യാപനം ഒന്നുമല്ലെന്നും വരും നാളുകൾ നിർണായകമാണെന്നും സാമൂഹ്യസുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ പറഞ്ഞു. പ്രത്യേകിച്ച് അടുത്ത രണ്ട് മാസങ്ങൾ.എല്ലാവരും ജാഗ്രത പാലിക്കണം. ചെറിയ പിഴവുകൾക്കു പോലും വലിയ വില നൽകേണ്ടി വരും. ഇപ്പോൾ രൂപപ്പെടുന്ന വെഡിംഗ് ക്ലസ്റ്റർ, ഫ്യൂണറൽ ക്ലസ്റ്റർ എന്നിവ ഒഴിവാക്കിയേ പറ്റൂ. അദ്ദേഹം പറഞ്ഞു.

@ഡോ. ബി. ഇക്ബാൽ

രോഗബാധ അവസാനിക്കാൻ ഒക്ടോബർ വരെ കാത്തിരിക്കണമെന്ന് കൊവിഡ് വിദഗ്ദ്ധസമിതി അദ്ധ്യക്ഷൻ ഡോ. ബി. ഇക്ബാൽ പറഞ്ഞു. സെപ്തംബറിൽ രോഗബാധ വളരെയേറെ കൂടാനാണ് സാദ്ധ്യത. അതിന്റെ ലക്ഷണങ്ങളാണിപ്പോൾ. പ്രായാധിക്യം ഉള്ളവരും മറ്റ് രോഗം ഉള്ളവരും റിവേഴ്സ് ക്വാറന്റൈൻ എന്ന സംരക്ഷണ സമ്പർക്ക വിലക്ക് സ്വീകരിക്കണം. ഇങ്ങനെ ചെയ്താൽ വൈകാതെ രോഗം കെട്ടടങ്ങും. ഇതുവരെ മരണ നിരക്ക് കുറവാണ്. ഇന്ത്യയിൽ മൂന്നു ശതമാനത്തിനു താഴെയാണ്. കേരളത്തിൽ 0.3% മാത്രം. രോഗം പ്രയാധിക്യമുള്ളവരെ ബാധിക്കുന്നതാണ് കാരണം. ക്ലസ്റ്റർ രൂപപ്പെടാൻ കാരണം ബ്രേക്ക് ദ ചെയിൻ ശരിയായി പാലിക്കാത്തതാണ്. ബ്രേക്ക് ദ ചെയിൻ നിലനിറുത്തി സാമ്പത്തിക ഇടപാടുകൾ നടക്കണം. അല്ലെങ്കിൽ വലിയോരു വിഭാഗം സാമ്പത്തികമായി തകർന്നുപോകും.